തിരുവനന്തപുരം : പാലക്കാട് ത്രികോണ പോരിൽ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ മികച്ച വിജയം സ്വന്തമാക്കിയതോടെ പ്രതിപക്ഷ നിരയിൽ കൂടുതൽ കരുത്തനായി വി. ഡി. സതീശൻ. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടു വി. ഡി. സതീശനെതിരെയായിരുന്നു സിപി എം, ബിജെപി പാർട്ടികൾ കടുത്ത വിമർശനവും ആരോപണവും ഉന്നയിച്ചത്.
കോൺഗ്രസിൽ നിന്ന് എൽ ഡി എഫിലേക്ക് പോയ ഡോ. പി. സരിനും സതീശനെതിരേ ആണ് വിമർശനം ഉന്നയിച്ചിരുന്നു. പാലക്കാട്ടെ വിജയം സതീശന്റെ നിലനിൽപിന്റെയും അഭിമാനത്തിന്റെയും പ്രശ്നവും ആയിരുന്നു.
കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തിനായി ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള യുവ നേതാക്കളെയും ലീഗ് ഉൾപ്പെടെയുള്ള ഘടക കക്ഷി നേതാക്കളെയും മുന്നിൽ നിർത്തിയായിരുന്നു സതീശൻ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
വയനാട്ടിൽ രാഹുൽ ഗാന്ധി മുൻപ് നേടിയതിനെ അപേക്ഷിച്ചു പ്രിയങ്കാഗാന്ധിയുടെ ഭൂരിപക്ഷം നാലരലക്ഷത്തിൽ പരം വോട്ടുകളായി വർധിപ്പി ക്കാനായതും സതീശന് പാർട്ടിയിൽ മേൽകൈ നേടാനും ഹൈ ക്കമാൻഡിന്റെ പ്രശംസ നേടാനും വഴിവച്ചു.
പാർട്ടി കൂട്ടായി പ്രവർത്തിച്ചു നേടിയ വിജയമാണെങ്കിലും ഏകോപനം നടത്തിയത് സതീശൻ ആയിരുന്നു. സതീശനെതിരേ പാർട്ടിയിൽ ചില നേതാക്കൾ നേരത്തെ ഒളിയമ്പുകൾ ഏയ്തെങ്കിലും നിലവിലെ വിജയം പാർട്ടിയിലെ വിമർശകരെയും ഒതുക്കാൻ സതീശന് സാധിച്ചിട്ടുണ്ട്.
- എം.സുരേഷ്ബാബു