കൊച്ചി: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിനെ സാരമായി ബാധിച്ച് ശക്തമായ മഴ തുടരുന്നു. എറണാകുളം, കോന്നി, അരൂർ, വട്ടിയൂർകാവ് എന്നി മണ്ഡലങ്ങളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. എറണാകുളത്തെ അയ്യപ്പൻകാവിലുൾപ്പെടെ പോളിംഗ് ബൂത്തിൽ മുട്ടറ്റം വെള്ളം ഉയർന്നിട്ടുണ്ട്. ഇവിടുത്തെ 68ാം നമ്പർ ബൂത്തിൽ മൂന്ന് മണിക്കൂറിൽ 30 വോട്ടുകൾ മാത്രമാണ് രേഖപ്പെടുത്തിയതെന്നാണ് വിവരം.
പലയിടങ്ങളിലും ബൂത്തുകൾ വെള്ളത്തിലായി ഇതേത്തുടർന്ന് പോളിംഗ് ബൂത്തുകൾ സ്കൂളുകളുടെ മുകൾ നിലയിലേക്ക് മാറ്റി ക്രമീകരിച്ചു. വൈദ്യുതി തകരാറും കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലാക്കി. അരൂരിലും വിവിധയിടങ്ങളിൽ പോളിംഗ് സ്റ്റേഷനുകളിൽ വെള്ളം കയറി. മഴതുടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ തീരുമാനമെടുക്കണമെന്ന് കോൺഗ്രസ്- ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.