ആലപ്പുഴ: കനത്ത മഴയെ അതിജീവിച്ച് അരൂർ മണ്ഡലത്തിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോളിംഗ് ശതമാനം 80 കടന്നു. 80.47 ശതമാനം വോട്ടുകളാണ് അരൂരിൽ രേഖപ്പെടുത്തിയത്. 82.69 ശതമാനം പുരുഷ·ാരും 78.34 ശതമാനം സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 85.43 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 83.67 ശതമാനം വോട്ടുകളും രേഖപ്പെടുത്തി.
ഇതിനെ അപേക്ഷിച്ച് ഇത്തവണത്തെ വോട്ടിംഗ് ശതമാനം കുറവാണെങ്കിലും കനത്തമഴയെയും വെള്ളപ്പൊക്കത്തെയും അതിജീവിച്ച് വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി എന്നതാണ് പോളിംഗ് ശതമാനം വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ മിക്കയിടങ്ങളിലും ബൂത്തിനുള്ളിലും വെള്ളം കയറിയിരുന്നു.
എരമല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യർ സ ്കൂൾ, എഴുപുന്ന സെന്റ് മേരീസ് ഇമ്മാക്കുലേറ്റ്സ് എൽപി സ്കൂൾ, പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ, അരൂർ സെന്റ് അഗസ്റ്റിൻ സ്കൂൾ തുടങ്ങിയയിടങ്ങളിൽ വെള്ളം നീന്തിയാണ് വോട്ടർമാർ ബൂത്തിലേക്കെത്തിയത്. പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്തിനുള്ളിലും വെള്ളം കയറി. പലയിടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായത് പോളിംഗിനെ ബാധിച്ചെങ്കിലും ഉടൻ തന്നെ തകരാർ പരിഹരിച്ച് പോളിംഗ് തുടർന്നു.
15 ഇടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. ഇതിൽ 14 ബൂത്തുകളിൽ യന്ത്രം നന്നാക്കാൻ സമയമെടുത്തത്തിനെത്തുടർന്ന് പോളിംഗ് ഒരു മണിക്കൂർ നീട്ടിനൽകി. മിക്ക ബൂത്തുകളിലും വോട്ടിംഗ് രാത്രി ഏഴുവരെ നീണ്ടുനിന്നു. മഴയുടെ സാന്നിധ്യമില്ലായിരുന്നുവെങ്കിൽ പോളിംഗ് ശതമാനം കഴിഞ്ഞതവണത്തേതിലും ഉയരുമായിരുന്നുവെന്നാണ് പ്രവർത്തകരുടെ അഭിപ്രായം.
ആത്മവിശ്വാസത്തിൽ സ്ഥാനാർഥികൾ
തുറവൂർ: അരൂരിലെ മികച്ച പോളിംഗിൽ സ്ഥാനാർഥികൾക്ക് ആത്മവിശ്വാസം. കനത്ത മഴയെ അവഗണിച്ചും സ്ഥാനാർഥികൾ മണ്ഡലത്തിലെ എല്ലാ ബൂത്തുകളും സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും പ്രവർത്തകരുമായി സംവാദിക്കുകയും ചെയ്തു. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.
സ്ത്രീകൾ ഉൾപ്പെടെയുള്ള സമ്മതിദായകർ മഴയെ അവഗണിച്ചും വോട്ട് ചെയ്യുവാനെത്തിയത് യുഡിഎഫിന്റെ വിജയം ഉറപ്പിക്കുന്നതാണെന്നും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഷാനിമോൾ പറഞ്ഞു. ഇടതുപക്ഷ സ്ഥാനാർഥി മനു.സി. പുളിക്കൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. എൻഡിഎ സ്ഥാനാർഥി പ്രകാശ് ബാബുവും ആത്മവിശ്വാസത്തിലാണ്.