കണ്ണൂർ: കണ്ണൂരിൽ മൂന്നിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് രണ്ടിടത്തും യുഡിഎഫ് ഒരിടത്തും വിജയിച്ചു. കണ്ണൂർ കോർപറേഷനിലെ എടക്കാട് ഡിവിഷനിലും രാമന്തളി പഞ്ചായത്തിലെ ഏഴിമല വാർഡിലുമാണ് എൽഡിഎഫിന് വിജയം. തലശേരി നഗരസഭയിലെ ടെന്പിൾ ഗേറ്റ് വാർഡിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.
കണ്ണൂർ കോർപറേഷനിൽ എൽഡിഎഫ്
കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. കോർപറേഷനിലെ 33ാം വാർഡായ എടക്കാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സിപിഎം സ്ഥാനാർഥിയായ ടി. പ്രശാന്ത് 256 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർഥി ടി. പ്രശാന്തിന് 1276 വോട്ടുകൾ ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസിലെ ഷിജു സതീശന് 1020 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥി അരുൺ ശ്രീധരന് 145 വോട്ടുകൾ ലഭിച്ചു.
കഴിഞ്ഞതവണ എൽഡിഎഫ് സ്ഥാനാർഥി കുട്ടികൃഷ്ണന് 93 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇത്തവണ എൽഡിഎഫിന്റെ ഭൂരിപക്ഷം വർധിച്ചു. ബിജെപിക്ക് കഴിഞ്ഞതവണ 217 വോട്ട് ലഭിച്ചെങ്കിലും ഇത്തവണ വോട്ട് കുറഞ്ഞു. എടക്കാട് ഡിവിഷൻ കൗൺസിലറായിരുന്നു ടി.എം. കുട്ടികൃഷ്ണന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
തലശേരിയിൽ യുഡിഎഫ്
തലശേരി: തലശേരി നഗരസഭ ടെന്പിൾ വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥിയായ മുസ്ലിംലീഗിലെ എ.കെ. സക്കറിയ 63 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപി സ്ഥാനാർഥി അജേഷിനെയാണ് സക്കറിയ പരാജയപ്പെടുത്തിയത്. ഇവിടെ എൽഡിഎഫിലെ ഐഎൻഎല്ലിലെ സ്ഥാനാർഥി കെ.വി. അഹമ്മദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
സ്വതന്ത്ര സ്ഥാനാർഥിയായ മുസ്ലിംലീഗ് വിമതന് 30 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ബിജെപി അംഗം ഇ.കെ. ഗോപിനാഥന്റെ മരണത്തെ തുടർന്നാണ് ടെന്പിൾ വാർഡ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എൽഡിഎഫ് . യുഡിഎഫിലെ എ.കെ. സക്കറിയ 663 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർഥി കെ. അജേഷ് 600 വോട്ടുകൾ നേടി. എൽഡിഎഫ് സ്ഥാനാർഥി കെ.വി. അഹമ്മദിന് 187 വോട്ടുകളാണ് ലഭിച്ചത്.
രാമന്തളിയിൽ എല്‍ഡിഎഫ്
പയ്യന്നൂര്‍:പഞ്ചായത്ത് ഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള പോരാട്ടമായി മാറിയ രാമന്തളിയിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.പ്രമോദ് വിജയിച്ചു.ഇതോടെ രാമന്തളി പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് നില നിര്‍ത്തി.
1044 വോട്ടര്‍മാരുള്ള ഏഴിമലയുള്‍പ്പെടുന്ന ഏഴാംവാര്ഡിന്റെ ഉപതെരഞ്ഞെടുപ്പില്‍ 814 പേരാണ് ഇന്നലെ വോട്ടു രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ രാമന്തളി പഞ്ചായത്ത് ഓഫീസില്‍ നടന്ന വോട്ടെണ്ണലിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ വി.പ്രമോദ് 176 വോട്ടുകളുടെ ഭൂരിപക്ഷത്തിന് യുഡിഎഫിലെ വി.വി.ഉണ്ണികൃഷ്ണനെ പരാജയപ്പെടുത്തിയത്.എല്‍ഡിഎഫിന് 495 വോട്ടും യുഡിഎഫിന് 319 വോട്ടുമാണ് ലഭിച്ചത്.
15 വാര്‍ഡുകളുള്ള രാമന്തളിയില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിനായിരുന്നു എല്‍ഡിഎഫിന് ഭരണം ലഭിച്ചിരുന്നത്. ഏഴാം വാര്‍ഡിന്റെ പ്രതിനിധിയായിരുന്ന എല്‍ഡിഎഫിന്റെ പരത്തി ദാമോദരന്റെ നിര്യാണത്തോടെയാണ് ഈ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ഇക്കുറി ബിജെപി സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണിവിടെ നടന്നത്.