ജിബിന്‍ കുര്യന്
പുതുപ്പള്ളി: ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിവാദവും വികസനസംവാദവുമായി യുഡിഎഫ്-എൽഡിഫ്-എൻഡിഎ സ്ഥാനാര്‍ഥികള്‍ പുതുപ്പള്ളി മണ്ഡലത്തില്‍ പ്രചാരണം കൊഴുപ്പി ക്കുന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ ആദ്യമെത്തിയ ചാണ്ടി ഉമ്മന്‍ തന്റെ പിതാവ് ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ നടപ്പാക്കിയ വികസനകാര്യങ്ങൾ വിശദീകരിച്ച് പ്രചാരണത്തില്‍ വലിയ മുന്നേറ്റം നടത്തി കഴിഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ അണിനിരന്ന പ്രൗഢഗംഭീരമായ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനോടെ യുഡിഎഫ് പ്രചാരണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മണ്ഡലത്തിലെ പാമ്പാടിയില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളും പ്രതിപക്ഷ നേതാവിനൊപ്പമുണ്ട്.
ആരും ഷോ കാണിക്കാന്‍ വേണ്ടി പുതുപ്പള്ളിയില്‍ വരേണ്ടന്നും കൃത്യവും അച്ചടക്കവും നിറഞ്ഞ പ്രവര്‍ത്തനം നടത്തണമെന്നും കര്‍ശന നിര്‍ദേശമാണ് വി.ഡി. സതീശന് നല്‍കിയിരിക്കുന്നത്.
ഘടകകക്ഷി നേതാക്കളും വിവിധ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കുട്ടം എന്നിവര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തു യുവജന സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പി. കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, എന്‍. കെ. പ്രേമചന്ദ്രന്, സി.പി.ജോണ്‍, കെ. മുരളീധരന് തുടങ്ങിയവര്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കും.
യുഡിഎഫിന്റെ തീപ്പൊരി പ്രാസംഗികരായ കെ.എം. ഷാജി, ബിആര്‍എം ഷെറീഫ്, ജ്യോതികുമാര്‍ ചാമക്കാല, മാത്യു കുഴല്നാടന് തുടങ്ങിയവരും പ്രചാരണത്തിനെത്തുന്നുണ്ട്.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം നടന്ന റോഡ് ഷോയിലൂടെ കളം പിടിച്ച ജെയ്ക് സി. തോമസ് യുഡിഎഫിന്റെ സഹതാപതരംഗത്തെയും എല്ലാം അതിജീവിച്ച് പ്രചാരണ രംഗത്ത് വലിയ മുന്നേറ്റം നടത്തി കഴിഞ്ഞു.
സാമുദായിക നേതാക്കളെ നേരില്‍ കണ്ടു പിന്തുണ തേടിയ സ്ഥാനാര്‍ഥിയും സിപിഎം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പാമ്പാടി കാളചന്തയ്ക്കു സമീപം കേന്ദ്ര തെരഞ്ഞെടുപ്പ് ഇലക്ഷന് കമ്മറ്റി ഓഫീസും തുറന്നു.
എൽഡിഎഫിന്റെ തെരഞ്ഞെടുപ്പുചുമതല മന്ത്രി വി.എന്‍. വാസവനാണ്. ജില്ലാ സെക്രട്ടറി എ.വി. റസല്‍, കെ.എം. രാധാകൃഷ്ണന്, റെജി സഖറിയ എന്നിവര്‍ പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നു.
ജോസ് കെ. മാണിയും വി.ബി. ബിനുവും പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിന്റെ വിവിവ പഞ്ചായത്തുകളില്‍ ക്യാമ്പ് ചെയ്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ന് ജെയ്ക് സി. തോമസിന്റെ ജന്മ നാടായ മണര്‍കാട് നടക്കുന്ന തെരഞ്ഞെടുപ്പു കണ്‍വന്‍ഷനോടെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാക്കും.
സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനാണ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുന്നത്. എല്‍ഡിഎഫിന്റെ സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
വനിതകളെ പങ്കെടുപ്പിച്ച് എല്ലാ പഞ്ചായത്തിലും വനിതാ അസംബ്ലി, യുവജന സ്ക്വാഡും റാലിയും തൊഴിലാളി സേന തുടങ്ങിയ പ്രചാരണ പ്രവര്‍ത്തനങ്ങളും ഇടതു മുന്നണിയുടെ അണിയറിയില്‍ ഒരുങ്ങുന്നു.
മന്ത്രിമാരുടെയും നേതാക്കളുടെയും പട ഒരുമിച്ചെത്തുന്നില്ലെങ്കിലും പല ഘട്ടങ്ങളിലായി മന്ത്രിമാരും നേതാക്കളും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് 24ന് അയര്‍ക്കുന്നത്തും പുതുപ്പള്ളിയിലും പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
രണ്ടാം ഘട്ട പ്രചാരണത്തിന് സെപ്റ്റംബര്‍ ഒന്നിന് വീണ്ടും എത്തും. എം.വി. ഗോവിന്ദന്, എം.എ. ബേബി, എ. വിജയരാഘവന്, ബിനോയി വിശ്വം, മാത്യു ടി. തോമസ് തുടങ്ങിയവര്‍ വിവിധ പഞ്ചായത്തുകളില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുക്കും. എം. സ്വരാജ്, വി.കെ. സനോജ്, പി. ജയരാജന്, എം.എം. മണി തുടങ്ങിയവര്‍ പ്രാസംഗികരായും എത്തും.
സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയെങ്കിലും ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ ഇടത്-വലത് മുന്നണികൾക്കൊപ്പ മെത്താനുള്ള ഓട്ടത്തിലാണ്. അടുത്ത ദിവസം തെരഞ്ഞെടുപ്പ് കണ്വന്ഷന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രിയെയും സംസ്ഥാന സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചുള്ള പ്രചാരണത്തിനാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. ദേശീയ സെക്രട്ടറി അനില്‍ ആന്റണി കഴിഞ്ഞ ദിവസം മുതല്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യം വച്ചുള്ള കാമ്പയിനുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
എന്‍. ഹരി, എന്‍.കെ. നാരായണന് നമ്പൂതിരി, ജോര്‍ജ് കുര്യന് എന്നിവര്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മണ്ഡലത്തിലുണ്ട്. വരും ദിവസങ്ങളില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുന്നതോടെ പുതുപ്പളളിയില്‍ പോരാട്ടം തീപാറും.