തിരുവനന്തപുരം: ഇന്ന് വൈകിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്പോൾ കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകള്‍ കൂടി പ്രഖ്യാപിക്കുമോ എന്നാണ് രാഷ്ട്രീയ കക്ഷികൾ ഉറ്റുനോക്കുന്നത്. അതേസമയം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് കോണ്‍ഗ്രസ് ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന.
പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും ചേലക്കരയില്‍ മുന്‍ എംപി രമ്യ ഹരിദാസിനുമാണ് സാധ്യതയെന്നറിയുന്നു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കെ.മുരളീധരകന്റേയും പേരുകളാണ് ഉയർന്നു നിന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ചില നേതാക്കൾ രംഗത്തെത്തിയിരുന്നു.
പാലക്കാട് സിപിഎം വോട്ടുകൾ ലഭിക്കുന്നയാളെ സ്ഥാനാർത്ഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുൽ മത്സരിച്ചാൽ തിരിച്ചടിയാകുമെന്നുമായിരുന്നു ഇവരുടെ വാദം. എന്നാൽ ഇത്തരം പ്രതിഷേധങ്ങളൊക്കെ പറഞ്ഞുതീർത്ത നിലയിലാണ്. എഐസിസി നിയമിച്ച സര്‍വേ ഏജന്‍സിയുടെ സര്‍വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്.
പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും സ്ഥാനാർഥികളാക്കാൻ കെപിസിസി ശിപാർശ ചെയ്യുമെന്നാണ് അറിയുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കും.
ചേലക്കര എംഎല്‍എയായിരുന്ന മുന്‍ മന്ത്രി കെ.എസ്.രാധാകൃഷ്ണന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പാലക്കാടും ഉപതെരഞ്ഞെടുപ്പിന് വേദിയായത്. രണ്ടിടത്ത് നിന്ന് മത്സരിച്ച് ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് വയനാട് മത്സരം വന്നത്.