തിരുവനന്തപുരം/കോഴിക്കോട്: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതികള്‍ ഉടൻ പ്രഖ്യാപിക്കാനിരിക്കെ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാക്കി രാഷ്ട്രീയകക്ഷികൾ. സിപിഎം സ്ഥാനാർഥികളെ സംബന്ധിച്ച് ഇന്നു തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.
മുൻ മന്ത്രി കെ. രാധാകൃഷ്ണൻ ലോക്സഭാംഗമായ ഒഴിവിൽ നടക്കുന്ന ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മുന്‍ എംഎല്‍എ യു.ആര്. പ്രദീപനെ സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചന സിപിഎമ്മിൽ സജീവമാണ്. പാലക്കാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സജീവപരിഗണനയിലാണ്. ഇവിടെ ഡിവൈഎഫ്ഐ നേതാവ് അഡ്വ. സഫ്ദര്‍ ഷെരീഫിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ ബിനുമോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനമായിരുന്നു. ബിനുമോളെ സ്ഥാനാർഥിയാക്കാനുള്ള ജില്ലാഘടകത്തിന്റെ നിർദേശം ഇന്നു തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചർച്ച ചെയ്യും.
കോൺഗ്രസും സ്ഥാനാർഥി ചർച്ചകളിലേക്കു കടന്നുകഴിഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വി.കെ. ശ്രീകണ്ഠന്റെ ഭാര്യയും കെപിസിസി ജനറൽ സെക്രട്ടറിയുമായ കെ.എ. തുളസിയുടെ പേരാണു പരിഗണിക്കുന്നത്. 2016ൽ യു.ആർ. പ്രദീപിനെതിരേ കെ.എ. തുളസി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇവിടെ രമ്യാ ഹരിദാസ്, തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി കെ.വി. ദാസൻ എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്.
കോണ്‍ഗ്രസിലെ ഷാഫി പറമ്പില്‍ ജയിച്ച പാലക്കാട്ട് അദ്ദേഹം വടകരയില്‍നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, ഡോ. പി. സരിൻ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും മത്സരിക്കാന്‍ താത്പര്യമുണ്ടെന്നു സൂചനയുണ്ട്. എന്നാൽ, ഷാഫി പറമ്പിലിന്റെ മനസ് രാഹുലിനൊപ്പമാണത്രെ.
ബിജെപി വളരെ പ്രതീക്ഷവയ്ക്കുന്ന മണ്ഡലമാണ് പാലക്കാട്. സി. കൃഷ്ണകുമാർ, ശോഭാ സുരേന്ദ്രൻ എന്നിവരെയാണ് പരിഗണിക്കുന്നത്. ഇതിൽ ശോഭ സുരേന്ദ്രൻ സ്ഥാനാർഥിയാകണമെന്നാണ് ജില്ലയിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം. ശോഭ മത്സരിച്ചാൽ ബിജെപിക്ക് നിയമസഭയിൽ ഒരു അംഗത്തെ കിട്ടുമെന്ന് ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ അവകാശപ്പെട്ടു.
കഴിഞ്ഞദിവസം പാലക്കാട് നഗരസഭയ്ക്കു മുന്നിൽ ശോഭാ സുരേന്ദ്രന്റെ ഫ്ളക്സുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പാലക്കാട് നഗരത്തിൽ പലയിടത്തും ശോഭാ സുരേന്ദ്രനെ അനുകൂലിച്ച് പോസ്റ്ററുകളും നിരന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും ശോഭ വരുന്നതിനോടു അത്ര താല്പര്യമില്ല. വയനാട് ലോക്സഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശോഭ മത്സരിക്കട്ടെ എന്നാണ് ഇവരുടെ നിലപാട്.
പ്രിയങ്കാഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരത്തിനെത്തുമ്പോള്‍ തലയെടുപ്പുള്ള നേതാവെന്ന നിലയ്ക്ക് ശോഭാ സുരേന്ദ്രന് മത്സരിക്കുന്നതാണ് നല്ലതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ട് ബിജെപി സ്ഥാനാർഥിയായി സി. കൃഷ്ണകുമാറിനാണ് മുന്‍ഗണന എന്നാണ് സൂചന. സ്ഥാനാർഥി നിർണയം കഴിഞ്ഞാലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷമേ പാർട്ടികൾ പ്രഖ്യാപനം നടത്തൂ.