എം.സുരേഷ്ബാബു
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക്ക്.സി.തോമസിന് തന്നെ സാധ്യതയേറുന്നു. ജെയ്ക്കിനെ തന്നെ മത്സരിപ്പിക്കണമെന്നാണ് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ട ിയ്ക്കെതിരെ മത്സരിച്ചത് ജെയ്ക്കായിരുന്നു. ഉമ്മൻചാണ്ട ിയുടെ ഭൂരിപക്ഷം മുൻപത്തെക്കാളും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കുറവായിരുന്നു.
നിലവിലെ സാഹചര്യത്തിൽ ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വം പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതാക്കളുടെ കണക്ക് കൂട്ടൽ. രണ്ട ് പഞ്ചായത്തുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറവായിരുന്നു.
ഇതെല്ലാമാണ് ജെയ്ക്കിനെ പരിഗണിക്കണമെന്ന നിർദേശം ഉയരാൻ കാരണം.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാകും സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംജാതമായ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി ഉടൻ തന്നെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി കൂടും. ഉമ്മൻചാണ്ടിയോടുള്ള സ്നേഹവും ആത്മബന്ധവും മണ്ഡലത്തിലെ വോട്ടർമാർ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കൾ.
ഇന്ന് വൈകുന്നേരം നടക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിന് ശേഷം മാത്രമെ യുഡിഎഫ് സ്ഥാനാർത്ഥി ആരായിരിക്കുമെന്ന കാര്യത്തിൽ ചർച്ചകൾക്ക് തുടക്കമാകുകയുള്ളു. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് കോണ്ഗ്രസിലെയും യുഡിഎഫിലെയും നേതാക്കളുടെ അഭിപ്രായം.
അടുത്തയാഴ്ചയോടെ ഇരുമുന്നണികളുടെയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയാകും. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം വന്ന ശേഷം ഇരുമുന്നണികളും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.