കോട്ടയം; വോട്ടെടുപ്പു ദിവസമായ സെപ്റ്റംബര്‍ അഞ്ചിന് മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധി ആയിരിക്കും.
മണ്ഡലത്തിന്റെ പരിധിയില്‍ ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങള്‍-സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും വേതനത്തോടു കൂടിയ അവധിയായിരിക്കും.
മറ്റിടങ്ങളില്‍ ജോലിചെയ്യുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സ്ഥിരതാമസക്കാരും വോട്ടര്‍മാരുമായ കാഷ്വല്‍ ജീവനക്കാര്‍ അടക്കമുള്ള ജീവനക്കാര്‍ക്കും വേതനത്തോടെയുള്ള അവധി ബാധകമാണ്.
പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രമായ കോട്ടയം ബസേലിയസ് കോളജിന് ഇന്നു മുതല്‍ എട്ടുവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നാല് സെന്‍സിറ്റീവ് ബൂത്തുകള്‍
കോട്ടയം: നാല് ബൂത്തുകള്‍ സെന്‍സിറ്റീവ് ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്. പാമ്പാടി പോലീസ് സ്റ്റേഷന് പരിധിയിലുള്ള വെള്ളൂര്‍ സെന്‍ട്രല്‍ എല്‍പിഎസ് സ്കൂളിലെ 91, 92, 93, 94 നമ്പര്‍ ബൂത്തുകളാണ് സെന്‍സിറ്റീവ് ബൂത്തുകളായി കണ്ടെത്തിയിട്ടുള്ളത്. ഈ നാലുബൂത്തുകളിലും സാധാരണ സുരക്ഷയ്ക്കു പുറമേ അധികമായി ഒരു സിവില്‍ പോലീസ് ഓഫീസറെ നിയമിക്കും.
48 മണിക്കൂര്‍ നിരോധനാജ്ഞ
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയില്‍ ഇന്നലെ വൈകുന്നേരം ആറു മുതല്‍ അഞ്ചിനു വൈകുന്നേരം ആറുവരെയുള്ള 48 മണിക്കൂറില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ വി. വിഗ്നേശ്വരി ഉത്തരവായി.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു സംബന്ധമായി ആളുകള്‍ ഒത്തുകൂടുന്നതും റാലികളും പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടത്തുന്നത് വിലക്കിക്കൊണ്ടാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്.
ഡ്രൈഡേ
പുതുപ്പള്ളി നിയമസഭ മണ്ഡലത്തില്‍ വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി. ഇന്നലെ വൈകിട്ട് ആറു മുതൽ നാളെ വൈകുന്നേരം ആറു വരെയും വോട്ടെണ്ണല്‍ ദിനമായ എട്ടിനും ഡ്രൈഡേ പ്രഖ്യാപിച്ചു.