പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പില്‍ ആരോപണം ആവര്‍ത്തിച്ച് ചാണ്ടി ഉമ്മന്‍. വോട്ടെടുപ്പ് മനഃപൂര്‍വം വൈകിപ്പിച്ചതായി പരാതി. പലര്‍ക്കും ഇന്നലെ വോട്ട് ചെയ്യാന്‍ സാധിച്ചില്ല.
വോട്ടിംഗ് നടക്കുന്ന എല്ലാ ബൂത്തിലും എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ നാലിലൊന്നു സ്ഥലത്തു പോലും പോകാന്‍ കഴിഞ്ഞില്ലെന്ന് ചാണ്ടി ഉമ്മന്‍ വിമര്‍ശിച്ചു.
മണിക്കുറുകളായി ക്യൂവില്‍ നിൽക്കുന്നുവെന്ന് എല്ലാ ബൂത്തിലും ജനങ്ങളുടെ പരാതിയുണ്ടായിരുന്നു. രാവിലെ മുതല്‍ റിട്ടേണിംഗ് ഓഫീസറോടും കളക്ടറോടും പരാതി പറഞ്ഞു. എന്നാല്‍ നടപടി ഉണ്ടായത് വൈകിട്ട് നാലിന്.
കൂരോപ്പടയില്‍ അഞ്ചിനു ശേഷവും. പലര്‍ക്കും വോട്ട് ചെയ്യാനാകാതെ തിരികെ പോകേണ്ടി വന്നുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജനങ്ങളുടെ വോട്ടിംഗ് അവകാശത്തെ ഹനിക്കാന്‍ ശ്രമം നടന്നതായി സംശയമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
വ്യാജ പ്രചരണങ്ങളെ ജനങ്ങള്‍ തള്ളും. പുതുപ്പള്ളിയില്‍ വിജയം സുനിശ്ചിതമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ജനങ്ങളുടെ പ്രതികരണങ്ങളിൽ ആത്മവിശ്വാസം:ജയ്ക് സി. തോമസ്
മണര്‍കാട്: ജനങ്ങളുടെ പ്രതികരണങ്ങള്‍ ഇടതുപക്ഷത്തിന്റെ ആത്മവിശ്വാസം വര്ധിപ്പിപ്പിക്കുന്നുവെന്ന് ജയ്ക് സി. തോമസ്.
തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ശുഭപ്രതീക്ഷ നല്കുന്ന അനുഭവങ്ങളും പ്രതീക്ഷകളുമാണ് ഇന്നലെ 52ല്‍പ്പരം ബൂത്തുകള്‍ സന്ദര്‍ശിച്ചപ്പോള്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ അനുഭവപ്പെട്ടതെന്നും ജയ്ക്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ മുന്‍ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പ് പോലെതന്നെ ജനങ്ങള്‍ സമീപിച്ചിട്ടുണ്ട്. ആളുകളുടെ വലിയ തള്ളിക്കയറ്റം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ല.
കഴിഞ്ഞ തെരഞ്ഞടുപ്പിലുണ്ടായ പോളിംഗിന്റെ അത്രപോലും പോളിംഗ് ഈ തെരഞ്ഞെടുപ്പിനില്ല. ഇടതുപക്ഷം മുന്നോട്ടുവച്ച പുതുപ്പള്ളിയുടെ വികസനത്തെ സംബന്ധിച്ചു ജനങ്ങള്‍ നല്ല ചര്‍ച്ച നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണു ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ജയ്ക് പറഞ്ഞു.