കോട്ടയം: പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി നാലു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രംഗത്ത്.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരം മുട്ടിയെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പരിഹസിച്ചത്. മുഖ്യമന്ത്രി ഒരു കാര്യത്തിനും മറുപടി പറയാത്തത് ആള്‍ക്കൂട്ടത്തിനിടയില്‍ ചിരി പടര്‍ത്തുകയാണ്.
മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ പറ്റില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. മറുപടി പറയാന്‍ സാധിക്കാത്ത അത്രയും പ്രതിരോധത്തിലാണ് മുഖ്യമന്ത്രി നില്‍ക്കുന്നതെന്നും സതീശന് പറഞ്ഞു.
എന്നാല്‍ സതീശനും പ്രതിപക്ഷത്തിനുമുള്ള മറുപടിയായിരുന്നു ഇന്നലെ പുതുപ്പള്ളി മണ്ഡലത്തില്‍ നടത്തിയ പ്രസംഗം. കൂരോപ്പടയിലും മീനടത്തും മണര്കാട്ടുമാണ് ഇന്നലെ മുഖ്യമന്ത്രി പ്രസംഗിച്ചത്.
കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരുകൂട്ടര്‍ ഇവിടെയുണ്ടെന്നും പുതുപ്പള്ളിയില്‍ കിറ്റ് വിതരണം തടയാന്‍ എന്തൊക്കെ കളികള്‍ നടന്നിട്ടുണ്ടെന്ന് പിന്നീട് തെളിയുമെന്നുംമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. കിറ്റ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ക്ക് പേടിയാണ്.
സാമ്പത്തിക ഞെരുക്കമുള്ളത് കൊണ്ടാണ് പാവപ്പെട്ടവര്‍ക്ക് മാത്രമായി ഓണക്കിറ്റ് പരിമിതപ്പെടുത്തിയതെന്നും ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ് നല്‍കുന്നതെന്നും അദേഹം പറഞ്ഞു.
ഓണക്കാലത്ത് സപ്ലൈകോയ്ക്ക് എതിരേ പലരും പ്രചാരണം നടത്തി. എന്നാല്‍ എല്ലാ സപ്ലൈകോ വിപണന കേന്ദ്രങ്ങളും ഉപകാരമായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. പ്രതിപക്ഷം കള്ളപ്രചാരണം തുടരുകയാണ്. ഓണം വറുതിയുടേതാകുമെന്ന് ബോധപൂര്‍വം പ്രചരിപ്പിച്ചു.
ആസിയാന്‍ കരാര്‍ വേണ്ടെന്ന് എല്‍ഡിഎഫ് ആദ്യം തന്നെ പറഞ്ഞതാണ്. മന്മോഹന് സിംഗ് സര്‍ക്കാരാണ് അത് നടപ്പിലാക്കാന്‍ പുറപ്പെട്ടത്.
നല്ല നാളെ വരുമെന്ന് കോണ്‍ഗ്രസ് നാടുമുഴുവന്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇപ്പോഴെന്താണ് അവസ്ഥ റബറിന് വിലയിടിഞ്ഞു. തെറ്റ് തിരുത്തി ആസിയാന്‍ കരാര്‍ റദ്ദാക്കണമെന്ന് പറയാന്‍ കോണ്‍ഗ്രസ് തയാറുണ്ടോ.
കേരളത്തെ സാമ്പത്തികമായി വലയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വലിയ തോതില്‍ വെട്ടിക്കുറച്ചു. കേന്ദ്രം എപ്പോള്‍ വേണമെങ്കിലും കടമെടുക്കും.
സംസ്ഥാനങ്ങള്‍ക്ക് മാത്രം നിയന്ത്രണം. വികസനം തടയുകയാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗം അവസാനിപ്പിച്ചത്.