ഗോവയിലും ഡല്‍ഹിയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കിയത് ബിജെപിയും ആംആദ്മി പാര്‍ട്ടിയും. ഗോവയിലെ രണ്ടു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു പൂര്‍ണ വിജയം. പനാജിയില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും വാല്‍പോയ് മണ്ഡലത്തില്‍നിന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെയും വിജയിച്ചു. പനാജിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗിരീഷ് ചോദന്കറിനെ 4803 വോട്ടുകള്‍ക്കാണ് പരീക്കര്‍ പരാജയപ്പെടുത്തിയത്.
പ്രതിരോധമന്ത്രി സ്ഥാനം രാജിവച്ച് ഗോവ മുഖ്യമന്ത്രിയായതിനെ തുടര്‍ന്നാണ് പരീക്കര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. വാല്‍പോയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റോയി നായിക്കിനെതിരെ 10,066 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റാണെയുടെ വിജയം. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു വാല്‍പോയ്. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന റാണെ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതാണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.
അതേസമയം ഡല്‍ഹിയില്‍ ബിജെപി കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടി എംഎല്‍എ വേദ് പ്രകാശ് രാജിവെച്ച് ബിജെപിയില്‍ ചേര്‍ത്താണ് ബവാന മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ഇവിടെ വോട്ടെണ്ണലില്‍ ആദ്യ ഒമ്പത് റൗണ്ടിലും കോണ്‍ഗ്രസ് മുന്നിലായിരുന്നെങ്കില്‍ അവസാന റൗണ്ടുകളില്‍ മികച്ച ലീഡുമായി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി വിജയത്തിലേക്ക് നീങ്ങുന്നു. 16 റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രാം ചന്ദര്‍ 10,917 വോട്ടുകള്‍ക്ക് മുന്നിലാണ്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച വേദ് പ്രകാശ് മൂന്നാം സ്ഥാനത്താണ്. അതും ബഹുദൂരം പിന്നില്‍.