തിരുവനന്തപുരം: ആറ്റിങ്ങൽ പാലാംകോണത്ത്് ബൈപാസ് നിർമാണത്തിന് കുഴിച്ച കുഴിയിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. പാരിപ്പള്ളി സ്വദേശി ഡോമീസ് (21) ആണ് മരിച്ചത്.
ഇന്നലെ അർധരാത്രി 11.45 ഓടെ ആറ്റിങ്ങലിന് സമീപം പാലാംകോണത്തായിരുന്നു അപകടം.മണനാക്കിൽ നിന്നും ആലംകോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് ബൈപ്പാസ് നിർമാണത്തിന് കുഴിച്ച കുഴിയിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.
റോഡിൽ മുന്നറിയിപ്പ് ബോർഡൊന്നും ഇല്ലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. അപകട വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്നാണ് കാറിലുണ്ടയിരുന്നവരെ ആശുപത്രിയിലെത്തിച്ചത്.
ഡൊമിനിക് സാബുവിന്റെ ജീവൻ രക്ഷിക്കാനായില്ല. കാറിലുണ്ടായിരുന്ന കിളിമാനൂർ സ്വദേശി അക്ഷയ് (22), വക്കം സ്വദേശി വിഷ്ണു (20) അഞ്ചുതെങ്ങ് സ്വദേശി ഫ്ളമിൻസ് (23), കടയ്ക്കാവൂർ സ്വദേശികളായ സ്റ്റീഫൻ (21), ബ്രൗണ്‍ (21) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.