അഞ്ചല്‍: അഞ്ചല്‍ പട്ടണം ഗതാഗതക്കുരുക്കില്‍ നട്ടംതിരിയുന്നതിനിടെയില് പൊതുമരാമത്ത് വകുപ്പിന്റേയും വിവിധ ജനപ്രതിനിധികളുടേയും ഫണ്ടുകള്‍ വിനിയോഗിച്ച് ആരംഭിച്ച അഞ്ചല്‍ ബൈപ്പാസിന്റെ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നു. ഏറെ നാളായി നിര്‍ത്തിവച്ചിരുന്ന ബൈപ്പാസിന്റെ നിര്‍മാണം മൂന്നുകോടിയോളം രൂപയുടെ ഫണ്ട് അനുവദിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് പുനഃരാരംഭിച്ചെങ്കിലും പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്ന അവസ്ഥയാണുള്ളത്. 2014 ഓഗസ്റ്റ് 5ന് മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞാണ് ബൈപാസിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. കുരിശുംമുക്കില്‍ വളരെ വിപുലമായി കൊട്ടിഘോഷിച്ചുനടത്തിയ ഉദ്ഘാടനത്തില്‍ ഭൂരിഭാഗം ജനപ്രതിനിധികളും പങ്കെടുത്തിരുന്നു.
അഞ്ചല്‍ നിവാസികളുടെ പതിറ്റാണ്ടിന്റെ പഴക്കമുള്ള ആവശ്യമായ ബൈപ്പാസിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് തങ്ങളുടെ ഭരണനേട്ടമാണ് ചൂണ്ടിക്കാട്ടി ഇടത്-വലത് രാഷ്ട്രീയ ജനപ്രതിനിധികളെല്ലാംതന്നെ ഒരേ സ്വരത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ തുടക്കത്തില്‍ രണ്ടുമാസത്തോളം മാത്രമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന തിരുമുടി എഴുന്നള്ളത്തിനോടനുബന്ധിച്ച് സമീപ പ്രദേശങ്ങളില്‍ നിന്നും മണ്ണെടുത്ത് ബൈപ്പാസിന്റെ നിര്‍മാണ മേഖലയില്‍ നിക്ഷേപിച്ചിരുന്നു. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം ആഘോഷിക്കുന്ന തിരുമുടി എഴുന്നള്ളത്ത് നടന്ന കളരി ദേവീക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നതിനായാണ് അന്ന് റോഡില്‍ മണ്ണിട്ട് നികത്തിയത്.
എന്നാല്‍ തിരുമുടി എഴുന്നള്ളത്ത് നടന്ന് ഒന്നരവര്‍ഷം കഴിഞ്ഞപ്പോഴാണ് ഇപ്പോള്‍ വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചിരിക്കുന്നത്. ഫണ്ടിന്റെ അപര്യാപ്തതയാണ് നിര്‍മാണം പാതിവഴിയില്‍ നിലയ്ക്കാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ഉദ്ദേശിച്ച വില ലഭിക്കാത്തതിനെ തുടര്‍ന്ന് വസ്തു ഉടമകളില്‍ ചിലര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കാനുള്ള കാരണമായി അധികൃതര്‍ പറയുന്നുണ്ട്. അഞ്ചല്‍- ആയൂര്‍ റോഡില്‍ കുരിശുംമുക്ക് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് അഞ്ചല്‍-പുനലൂര്‍ റോഡില്‍ സെന്റ് ജോര്‍ജ് സ്കൂളിന് സമീപം എത്തിച്ചേരുന്നതാണ് ബൈപ്പാസ്.
18 മീറ്റര്‍ വീതിയില്‍ നാല് കലുങ്കുകള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കുന്ന ബൈപ്പാസിന് രണ്ട് കിലോമീറ്റര്‍ ദൂരമാണുള്ളത്. 2001ല്‍ പിഎസ് സുപാല്‍ എംഎല്‍എയുടെ കാലത്താണ് ഇതിന്റെ പ്രാരംഭ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ ഇതിനുശേഷം നാലാമത്തെ മന്ത്രിസഭയാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. അഞ്ചല്‍, ഇടമുളയ്ക്കല്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ബൈപ്പാസ് പദ്ധതി യാഥാര്‍ഥ്യമായാല്‍ അഞ്ചല്‍ ടൗണിലെ ഗതാഗതക്കുരുക്ക് ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. ബൈപ്പാസ് യാഥാര്‍ഥ്യമായാല്‍ ആയൂര്‍ ഭാഗത്തുനിന്നും പുനലൂരിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് കുരിശുംമുക്കില്‍ നിന്നും പുതിയ ബൈപ്പാസിലൂടെ ഗതാഗതക്കുരുക്കില്‍പ്പെടാതെ ഒന്നരക്കിലോമീറ്റര്‍ കുറച്ച് സഞ്ചരിച്ചാല്‍ മതി.
രണ്ടുവര്‍ഷം മുന്‍പ് നിര്‍മാണോദ്ഘാടനം നടത്തിയ അവസരത്തില്‍ നാലരക്കോടി രൂപയാണ് ബൈപ്പാസിനായി അനുവദിച്ചിരുന്നത്. ഇതില്‍ രണ്ടുകോടിയോളം രൂപ ഭൂമി ഏറ്റെടുക്കുന്നതിനായി ചെലവഴിച്ചിരുന്നു. കുരിശുംമൂട് മുതല്‍ ഗണപതിക്ഷേത്രം വരെയുള്ള ഭാഗം വശങ്ങള് പാറകെട്ടി മണ്ണിട്ട് നികത്തുന്ന ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. വര്‍ഷംതോറും ചെറിയതോതില്‍ ഫണ്ട് അനുവദിച്ച് വളരെ കുറച്ചുമാത്രം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ ബൈപ്പാസ് യാഥാര്‍ഥ്യമാകാന്‍ പ്രദേശവാസികള്‍ക്ക് ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരും. കൂടാതെ പ്രതീക്ഷച്ചതിലും കോടിക്കണക്കിന് രൂപ അധികമായി ചെലവഴിക്കേണ്ടിവരുമെന്ന അവസ്ഥയാണ് നിലവിലുള്ളത്.