കൊല്ലം :ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് എസ് കൃഷ്ണകുമാർ കേന്ദ്രമന്ത്രിയായിരുന്നുവെന്നും പിന്നീട് മുടങ്ങി കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജീവൻ വച്ചത് എൻ പീതാംബര കുറുപ്പ് ജനപ്രതിനിധിയായി വന്ന സന്ദർഭത്തിലാണെന്നും ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
ഇച്ഛാശക്തിയോടുള്ള എൻ കെ പ്രേമചന്ദ്രന്റെ ചടുലമായ പ്രവർത്തനശൈലിയുടെ ഫലമായി ഇപ്പോൾ ബൈപ്പാസിന്റെ നിർമ്മാണം പൂർത്തീകരിക്കുവാനും കഴിഞ്ഞിട്ടുണ്ട്. ബൈപ്പാസ് നിർമ്മാണത്തിന് അവശ്യമായ തുകയുടെ പകുതി ഭാഗം ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന സന്ദർഭത്തിൽ അനുവദിച്ച് നിർമ്മാണ പ്രവർത്തനത്തിനുള്ള തടസങ്ങൾ നീക്കിയിരുന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്പെ ബൈപ്പാസിന്റെ ഉദ്ഘാടനം നടത്താൻ കഴിയുമായിരുന്നിട്ടും മനപൂർവമായി നീട്ടി പ്രേമചന്ദ്രന്റെ പങ്കാളിത്ത പ്രവർത്തനങ്ങളെ ചെറുതാക്കാൻ ശ്രമിച്ചതിന്റെ ഫലമായിട്ടാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന നിലയിൽ എത്തിച്ചത് ഇടത് മുന്നണി ഗവണ്മെന്റാണ്.
മെട്രോ ട്രെയിനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയെ കൊണ്ട് ആഘോഷപൂർവ്വം നടത്തിയവർ ഇപ്പോൾ പ്രധാനമന്ത്രി വരുന്നു എന്ന് പറയുന്പോൾ അതിന്റെ പേരിൽ പ്രേമചന്ദ്രനെ ആക്രമിക്കാൻ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും, ഈ രാഷ്ട്രീയ തട്ടിപ്പ് ജനങ്ങൾ മനസിലാക്കുമെന്നും ഡി സി സി പ്രസിഡന്റ് പറഞ്ഞു.