തിരുവനന്തപുരം: കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു വൈകുന്നേരം ഉദ്ഘാടനം ചെയ്യുന്ന കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും സ്ഥലം എംഎൽഎമാരെ ഒഴിവാക്കിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ബൈപ്പാസ് കടന്നുപോകുന്ന പ്രദേശത്തെ ഇരവിപുരം എംഎൽഎ എം. നൗഷാദ്, ചവറ എംഎൽഎ വിജയൻപിള്ള എന്നിവരെയാണ് ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയത്. കൊല്ലം നഗരസഭാ മേയറെയും ഒഴിവാക്കി. എന്നാൽ സ്ഥലം എംഎൽഎ അല്ലാത്ത ഒ. രാജഗോപാൽ, രാജ്യസഭാംഗങ്ങളായ വി.മുരളീധരൻ, സുരേഷ് ഗോപി എന്നിവർക്കും വേദിയില്‍ ഇരിപ്പിടവും നൽകി.
അതേസമയം, ഇക്കാര്യത്തിൽ ബിജെപിക്കെതിരേ മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്തെത്തി. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിൽ ബിജെപി സങ്കുചിത രാഷ്ട്രീയം കളിക്കുകയാണ്. എംഎൽഎമാരെ ഒഴിവാക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കിയ നടപടി കൊല്ലത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എം. നൗഷാദ് എംഎൽഎയും പറഞ്ഞു. ജനാധിപത്യമൂല്യങ്ങളും പ്രോട്ടോകോളും കേന്ദ്ര സര്‍ക്കാറും ബിജെപിയും ലംഘിച്ചെന്നും എംഎൽഎ കൂട്ടിച്ചേർത്തു.