പത്തനാപുരം: പട്ടണത്തിന് തലവേദനയായി മാറിയ ഗതാഗതകുരിക്കിന് പരിഹാരമായി ബൈപ്പാസ് വരുന്നു . നിര്‍ദിഷ്ഠ പാതയുടെ രൂപ രേഖ തയാറാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 790000 രൂപയും ബൈപ്പാസ് നിർമ്മാണത്തിനായി 30 കോടിരൂപയും അനുവദിച്ചട്ടുണ്ട്.
പത്തനാപുരത്തിന്റെ ഹൃദയ ഭാഗത്ത് കൂടി കടന്നു പോകുന്ന പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയുടെ സമാന്തരമായാണ് ബൈപ്പാസ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത് .പത്തനാപുരം 110 കെ.വി സബ്സ്റ്റേഷന് സമീപത്തു നിന്നുമാരംഭിക്കുന്ന പാത നീലിക്കോണം വഴി വണ്റോഡിലൂടെ കല്ലുംകടവില്‍ ജംഗ്ഷനില്‍ എത്തിച്ചേരാതെ തന്നെ തോട് മുറിച്ച് കടന്ന് പുനലൂര്‍ – മൂവാറ്റുപുഴ പാതയിലെ പത്തനാപുരം ബിഎസ്എന്‍എല്‍ എക്സേഞ്ച് ഓഫീസിന് സമീപം എത്തിച്ചേരുന്നു.
രണ്ടു വരിപാതയുളള ബൈപ്പാസ് യഥാര്‍ത്ഥ്യമായാല്‍ നഗരത്തിലെ ഗതാഗത കുരുക്കില്‍ പെടാതെ വാഹനങ്ങള്‍ക്ക് യഥേഷ്ടം കടന്നു പോകുവാന്‍ സാധിക്കും . നിലവില്‍ പത്തനാപുരം പട്ടണം ഗതാഗതകുരുക്കില്‍ അമരുന്ന അവസ്ഥയാണ് . അനധിക്യത വാഹനപാര്‍ക്കിംഗും റോഡിന് വീതിയില്ലായ്മയുമാണ് പ്രധാന പ്രശ്നം .ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വാഹനപ്പെരുപ്പവും ഇതിന് മറ്റൊരു കാരണമാണ് .
കല്ലുംകടവ് മുതല്‍ പളളിമുക്ക് വരെയുളള രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒരുമണിക്കൂര്‍ സമയമാണ് പലപ്പോഴും വേണ്ടിവരുന്നത് . നിത്യേനയുളള ഗതാഗത പ്രശ്നം മൂലം വാഹനയാത്രികരും ഏറെ ദുരിതത്തിലാണ് . ഭൂമി ഏറ്റെടുക്കലും മറ്റ് പ്രശ്നങ്ങളും പരമാവധി ഒഴിവാക്കിയാകും ബൈപ്പാസ് നിര്‍മ്മാണം.