വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണം 14 മില്യൺ (140 ലക്ഷം) കവിഞ്ഞ സ്ഥിതിക്ക് താൻ പ്രസിഡന്‍റായി ചുമതലയേറ്റാൽ ഉടൻ ആദ്യം അമേരിക്കൻ ജനതയോട് അഭ്യർത്ഥിക്കുക;
അടുത്ത 100 ദിവസത്തേക്ക് നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്നതായിരിക്കുമെന്ന് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിൽ നിയുക്ത പ്രസിഡന്‍റ് ജൊ ബൈഡൻ പറഞ്ഞു.
മാസ്കിനെ ഒരിക്കലും രാഷ്ട്രീയവൽക്കരിക്കരുതെന്നും ബൈഡൻ അഭ്യർഥിച്ചു. കോവിഡ് അമേരിക്കയിൽ പ്രത്യക്ഷപ്പെട്ടതിനു ശേഷം ആദ്യമായി ബുധനാഴ്ചയും വ്യാഴാഴ്ചയും 3000 പേർ വീതമാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച മാത്രം 3157 പേർ മരിച്ചുവെങ്കിൽ കോവിഡ് രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വ്യാഴാഴ്ച റിക്കാർഡ് വർധനവായിരുന്നു. (ഒരു ലക്ഷം)
അമേരിക്കയിൽ അടുത്തവർഷം ഫെബ്രുവരിയോടെ 4,50,000 പേർ മരിക്കുമെന്നാണ് സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
ഡിസംബർ ,ജനുവരി, ഫെബ്രുവരി മാസങ്ങൾ വളരെ ഗുരുതരമായിരിക്കുമെന്നും അറിയിപ്പിൽ തുടരുന്നു. ജോൺ ഹോപ്പ്കിൻസ് യൂണിവേഴ്സിറ്റി ഡാറ്റാ അനുസരിച്ച് ആഗോള തലത്തിൽ 64.9 മില്യൺ കേസും 1.5 മില്യൺ മരണവും നടന്നിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ