ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചത് ടിക് ടോക്ക് പ്രേമികളെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. രാജ്യ സുരക്ഷയ്്ക്ക് ഭീഷണിയാകുന്ന ചൈനീസ് ആപ്പ് എന്ന നിലയിലാണ് ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.
എന്നാല്‍ ഇപ്പോള്‍ ടിക് ടോക് പ്രേമികളെ തേടി ഒരു സന്തോഷ വാര്‍ത്ത എത്തുകയാണ്. ടിക് ടോക്കിനെ റിലയന്‍സ് ജിയോയ്ക്ക് വില്‍ക്കാന്‍ മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് ആലോചിക്കുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കഴിഞ്ഞ മാസമാണ് ഇരു കമ്പനികളും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചതെന്നും ഇതുവരെയും ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മുന്നൂറു കോടി യു എസ് ഡോളറിന്റെ വരുമാനമാണ് ഇന്ത്യയില്‍ നിന്ന് ടിക്ക്ടോക്കിന് ലഭിച്ചിരുന്നത്.
എന്നാല്‍ പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇരുകമ്പനികളും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആപ്പ് നിരോധനത്തിന് പിന്നാലെ ടിക്ക്ടോക്കിലും ബൈറ്റ് ഡാന്‍സിലും ജോലി ചെയ്തിരുന്നവര്‍ മറ്റു സ്ഥാപനങ്ങളിലേക്ക് തിരിയുന്ന സാഹചര്യത്തിലാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇന്ത്യയില്‍ ബൈറ്റ് ഡാന്‍സിന് 2,000ന് അടുത്ത് ജീവനക്കാരാണുള്ളത്.
ദേശസുരക്ഷയെ ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ടിക്ക്ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യാഗവണ്‍മെന്റ് നിരോധിച്ചത്. ഇതിന് പിന്നാലെ അമേരിക്കയും ടിക്ക്ടോക്ക് നിരോധിക്കാനൊരുങ്ങി രംഗത്തുവന്നു. മൈക്രോസോഫ്റ്റുമായി ധാരണയിലെത്താന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ, കമ്പനിയുടെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുകയാണ്. ഏതെങ്കിലും അമേരിക്കന്‍ കമ്പനി ടിക് ടോക്കിനെ ഏറ്റെടുത്തില്ലെങ്കില്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.