മേലുദ്യോഗസ്ഥ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതിനെത്തുടര്‍ന്ന് പരാതി നല്കി മൂന്നാഴ്ച കഴിഞ്ഞിട്ടും പോലീസ് നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് സി-ഡിറ്റ് ജീവനക്കാരി ആത്മഹത്യയ്ക്കു ശമിച്ചു
പരാതിക്കാരി മൊഴിയെടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും ബുധനാഴ്ച കേസെടുക്കുമെന്നും മ്യൂസിയം എസ്ഐ പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പരാതിക്കാരി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പതിമൂന്ന് വര്‍ഷത്തോളമായി സി-ഡിറ്റില്‍ ജോലി ചെയ്തുവരുന്ന സ്ഥിരം ജീവനക്കാരിയാണ് തന്നെ മേലുദ്യോഗസ്ഥ നിരന്തരമായി അപകീര്‍ത്തിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതായും ആരോപിച്ച് മാര്‍ച്ച് അഞ്ചിന് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്.
നിലവില്‍ ജോലി ചെയ്യുന്ന ഡിവിഷനില്‍ നിന്ന് മറ്റൊരു ഡിവിഷനിലേക്ക് തന്നെ സ്ഥലം മാറ്റിയതും ഈ മേലുദ്യോഗസ്ഥ തന്നെയാണെന്നും ജീവനക്കാരി പരാതിയില്‍ പറയുന്നു.
തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലിയില്‍ നിന്നാണ് മാറ്റപ്പെട്ടതെന്നും ഇതിനായി രാഷ്ട്രീയബന്ധം പോലും ഇവര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല ഓഫീസിലെ സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചും ജീവനക്കാര്‍ പങ്കെടുക്കുന്ന യോഗങ്ങളില്‍ വെച്ചും സമുദായത്തിന്റെ പേര് വിളിച്ച് തന്നെ വ്യക്തിപരമായി ആക്രമിക്കാറുണ്ടെന്നും പരാതിയില്‍ പറയുന്നു.
മ്യൂസിയം പോലീസ് മാത്രമല്ല പല രാഷ്ട്രീയനേതാക്കളും ഒത്ത് തീര്‍പ്പിനാണ് ശ്രമിച്ചതെന്നും പരാതിക്കാരി പറയുന്നു.
കേസെടുക്കാതെ ഒമ്പതാം തീയതി പോലീസ് ഒത്തുതീര്‍പ്പിനായി വിളിപ്പിച്ചു. പരാതി ഉന്നയിച്ച മേലുദ്യോഗസ്ഥയെയും അന്ന് വിളിപ്പിച്ചതായും പരാതിക്കാരി പറയുന്നു.
സി-ഡിറ്റിലെ ആഭ്യന്തരപരാതി പരിഹാര കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് ശേഷം മാത്രമേ കേസില്‍ തങ്ങള്‍ക്ക് നടപടി എടുക്കാന്‍ സാധിക്കുള്ളൂ എന്ന് പോലീസ് പറഞ്ഞതായും പരാതിക്കാരി ആരോപിക്കുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി പരാതി ഗൗരവമുള്ളതാണെന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന് ജീവനക്കാരി പറയുന്നു.
ഇതിനെല്ലാം ഒടുവിലാണ് കഴിഞ്ഞ ദിവസം അമിത അളവില്‍ ഗുളികകള്‍ കഴിച്ച് പരാതിക്കാരി ആത്മഹത്യക്ക് ശ്രമിച്ചത്. നിലവില്‍ ഇവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.