തിരുവനന്തപുരം: ഇടതുമുന്നണിക്ക് ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ പശ്ചാത്തലത്തിൽ മുന്നണിയിൽ തിരുത്തൽ ആവശ്യപ്പെട്ട് മുതിര്‍ന്ന സിപിഐ നേതാവ് സി. ദിവാകരൻ. തെരഞ്ഞെടുപ്പിന് മുമ്പ് ഹോംവര്‍ക്ക് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് അഭിപ്രായപ്പെട്ട സി. ദിവാകരൻ തിരുത്തേണ്ടതെല്ലാം തിരുത്തണമെന്നും ആവശ്യപ്പെട്ടു.
ഇങ്ങനെ ഇനി മുന്നോട്ടുപോകാൻ പറ്റില്ല. ഇടതുമുന്നണിയിൽ ആവശ്യമായ തിരുത്തല്‍ വേണം. നേതൃനിരയില്‍ വലിയ അഴിച്ചുപണി ആവശ്യമാണ്. പുതുതലമുറയാണ് ഇത്തവണ വലിയ ശക്തിയായി വന്നിട്ടുള്ളത്. അത് തിരിച്ചറിഞ്ഞുള്ള മാറ്റം ഉണ്ടാകണം. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണം. അതിന് ആരുടെയും മാനസികാവസ്ഥ നോക്കിയിട്ട് കാര്യമില്ലെന്നും സി. ദിവാകരൻ പറഞ്ഞു.
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ വിലകുറച്ചു കണ്ടതാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്.എവിടെ നിന്നോ വന്ന ഒരാൾ എന്ന രീതിയിൽ കണ്ടു. തലസ്ഥാനത് മുന്നൊരുക്കം ഉണ്ടായില്ല. തൃശൂരില്‍ ബിജെപിക്ക് കോണ്‍ഗ്രസ് വോട്ടുകളാണ് ലഭിച്ചതെന്നും സി. ദിവാകരൻ അഭിപ്രായപ്പെട്ടു.
അതേസമയം ഇടതു മുന്നണിക്കേറ്റ കനത്ത തിരിച്ചടിയിൽ അണികളും അസ്വസ്ഥരാണ്. സമൂഹ മാധ്യമങ്ങളിലുയരുന്ന കടുത്ത വിമർശനങ്ങൾ ഏറെയും സർക്കാരിനും മുഖ്യമന്ത്രിക്കും എതിരാണ്. നേതാക്കൾ ജനങ്ങളോട് ബന്ധമില്ലാത്തവരായി. സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ഉയർന്ന അഴിമതി ആരോപണങ്ങളിൽ കൃത്യമായി പാർട്ടിക്ക് മറുപടി നൽകാൻ കഴിഞ്ഞില്ല, സാമ്പത്തികമായി കേന്ദ്രം ഞെരിക്കുന്നു എന്ന് പരാതി ഉയർത്തിയപ്പോഴും ആർഭാടങ്ങൾക്ക് കുറവു വരുത്തിയില്ല.
ഇങ്ങനെ പലതാണ് പാർട്ടിക്കെതിരേ അണികൾ ഉയർത്തുന്ന വിമർശനം. പാർട്ടി ജനങ്ങളിൽ നിന്നകന്നുവെന്നും ഏതെങ്കിലും ഒരു നേതാവിന് വേണ്ടി പാർട്ടിയെ ബലി കൊടുക്കുകയാണെന്നും സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നു.
പത്ത് വർഷം തുടർച്ചയായി സംസ്ഥാന ഭരണം നടത്തുന്ന ഇടത് സർക്കാരും മുഖ്യമന്ത്രിയും തോൽവിയുടെ ധാർമിക ഉത്തരവാദികളാണെന്നും പരിശോധിച്ച് തിരുത്തുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും സ്വയം പരിശോധനയ്ക്ക് മുഖ്യമന്ത്രി തന്നെ വിധേയമാവണമെന്നും സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നു.