തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനുമായ വി.എസ്.അച്യുതാനന്ദൻ, ധനമന്ത്രി തോമസ് ഐസക് എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ എംഎൽഎ സി.ദിവാകരൻ. അച്യുതാനന്ദൻ അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മീഷൻ സമ്പൂർണ പരാജയമാണെന്ന് ദിവാകരൻ തുറന്നടിച്ചു.
തിരുവനന്തപുരത്ത് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ഡി.സാജു അനുസ്മരണ ചടങ്ങിലാണ് ദിവാകരൻ മുന്നണി മര്യാദകൾ കടന്ന വിമർശനം നടത്തിയത്.
അച്ച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് സിപിഐ മന്ത്രിമാരുടെ ഫയലുകൾ തടഞ്ഞുവച്ചു. അന്ന് ഐസക്കിനെന്താ കൊമ്പുണ്ടോ എന്ന് വരെ തനിക്ക് ചോദിക്കേണ്ടി വന്നു ദിവാകരൻ വെളിപ്പെടുത്തി.
സിപിഐ മന്ത്രിമാരെ തഴയുന്ന സമീപനമായിരുന്നു അന്നുണ്ടായിരുന്നത്. മന്ത്രിസഭയ്ക്കകത്ത് ശക്തമായ വാക്കേറ്റങ്ങൾ ആയിരുന്നു അക്കാലത്ത് നടന്നിരുന്നതെന്നും ഫയലുകൾ വരെ താൻ എടുത്തെറിഞ്ഞിട്ടുണ്ടെന്നും ദിവാകരൻ കൂട്ടിച്ചേർത്തു.
ഓരോ വകുപ്പിലും കേറി മേയാന്‍ ധനമന്ത്രിക്ക് എവിടെയാണ് അധികാരം കൊടുത്തിട്ടുള്ളത്. റൂള്‍ ഓഫ് ബിസിനസ് വായിച്ചിട്ട് താൻ അങ്ങനെ ഒന്നു കാണുന്നില്ലെന്നും ദിവാകരന് പറഞ്ഞു.