അവസാന ശ്രമവും പരാജയപ്പെട്ടപ്പോഴാണ് ആ കടുംകൈ ചെയ്തതെന്ന് വില്ലേജ് ഓഫീസിന് തീയിട്ട കേസിലെ പ്രതി സി കെ രവി. ഒരു ന്യൂസ് ചാനലിനോട് സംസാരിക്കവെയാണ് രവി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഹൈക്കോടതി ഇടപെട്ടിട്ടും നീതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാതെ വന്നപ്പോഴാണ് കടുംകൈ ചെയ്തുപോയത്.
ഇരുപത്തഞ്ച് വര്‍ഷത്തോളം കരമടച്ച ഭൂമി തന്റേതല്ലെന്നാണ് റവന്യുവകുപ്പ് പറയുന്നത്. ഭൂമി റീസര്‍വേ ചെയ്തുകിട്ടാന്‍ പതിനഞ്ച് വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. രവി പറയുന്നു.
ഗതികെട്ടാണ് കഴിഞ്ഞ ദിവസം വില്ലേജില്‍ കയറി ഫയലുകള്‍ക്ക് തീവച്ചുപോയത്. അതിന്റെ പേരില്‍ ഇനിയെത്ര വര്‍ഷം കോടതി കയറിയിറങ്ങേണ്ടി വരുമെന്ന് അറിയില്ല. എങ്കിലും നീതിയ്ക്കുവേണ്ടി പോരാടാന്‍ തന്നെയാണ് തീരുമാനം. ഉദ്യോഗസ്ഥരോട് ഒറ്റ ചോദ്യമേ ചോദിക്കാനുള്ളൂ.
എന്റെ പേരില്‍ ഭൂമിയില്ലെങ്കില്‍ പിന്നെ എന്തടിസ്ഥാനത്തിലാണ് കരം സ്വീകരിച്ചത്, എന്നെ കബളിപ്പിക്കുകയായിരുന്നില്ലേ? തീയിട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ എഴുപതുകാരന്‍ ചോദിക്കുന്നു.