അവരവര്‍ ആയിരിക്കുന്ന മേഖലകളില്‍ മാത്രം മികവ് പ്രകടിപ്പിക്കുന്നവരാണ് സിനിമാക്കാരും കളിക്കാരും എന്നതാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ കളിക്കളത്തില്‍ മാത്രമല്ല, താന്‍ പുലി എന്ന് തെളിയിച്ചിരിക്കുകയാണ് ഫുട്ബോള്‍താരം സി കെ വിനീത്. കളിക്കളത്തില്‍ പന്തു തട്ടുന്ന അതേ ആവേശത്തില്‍ പാടത്തു പണിയെടുക്കുന്ന ഫുട്ബോള്‍ താരം സി.കെ.വിനീതിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്നത്. ഞാനെന്റെ ഷൂസ് അഴിച്ചു വച്ച് എന്റെ പൂര്‍വ്വികരുടെ പാത പിന്തുടരും എന്ന അടിക്കുറിപ്പോടെയാണ് വിനീത് ചിത്രം പങ്കുവച്ചിരിക്കുന്നത്. വിനീതിന്റെ വൈറലായ ചിത്രം റീട്വീറ്റ് ചെയ്ത് ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് കുറിച്ചതിങ്ങനെയാണ്, ‘വന്ന വഴി ഓര്‍മിക്കുന്നതും ഇപ്പോഴുള്ളിടത്ത് എത്തിപ്പെടാനുള്ള കഠിനമായ ശ്രമങ്ങളും മറക്കാതിരിക്കുന്നത് ഏറെ നല്ലതാണ്’. ഇതുകൂടിയായപ്പോള്‍ ആരാധകലോകത്തു മാത്രമല്ല ഫുട്ബോള്‍ മാനേജ്മെന്റ് ലോകത്തും വിനീതിന്റെ ചിത്രം ചര്‍ച്ചാവിഷയമായി.
എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ അടക്കമുള്ളവര്‍ ചിത്രം ട്വിറ്ററിലും പങ്കുവച്ചു. വീടിനു മുന്നിലെ വയലിലാണു വിനീത് ടില്ലര്‍ ഉപയോഗിച്ച് ഉഴുതത്. അഞ്ചു സെന്റോളം പാടം വിനീത് തന്നെ ഉഴുതെന്ന് അച്ഛന് സി.വാസു പറയുന്നു. ‘വിനീതിനു സമയം കിട്ടാത്തതിന്റെ കുഴപ്പമേയുള്ളു, അവന് കൃഷിയൊക്കെ ഏറെയിഷ്ടമാണ്. ആവശ്യമുള്ളതു സ്വയം കൃഷി ചെയ്യുകയാണ് ഈ വീട്ടില്‍ പതിവ്. വീട് ഇരിക്കുന്ന വട്ടിപ്രം പ്രദേശത്തെ പാടശേഖര സമിതി 25 ഏക്കറോളം നെല്‍കൃഷി നടത്തുന്നുണ്ട്’. പ്രദേശത്തെ വിഎഫ്പിസികെ വിപണിയുടെ ട്രഷറര്‍ കൂടിയായ വിനീതിന്റെ അച്ഛന് വാസു പറയുന്നു. ചിത്രത്തിനു താഴെ അഭിനന്ദന വാക്കുകളുമായെത്തിയവര്ക്കു നന്ദി പറയാനും വിനീത് മറന്നില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണില്‍ വിനീത് ഇത്തവണയുമുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് വിനീതിന് ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകള്‍ നേടിയ വിനീത് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.