എങ്ങനെയെങ്കിലും ഒന്നു പ്രശസ്തനായാല്‍ മതി പിന്നെ അന്നുവരെ കണ്ടിട്ടില്ലാത്തവര്‍വരെ അവകാശം പറഞ്ഞുകൊണ്ടുവരും. കേരളത്തിലാണ് ഈ പ്രവണത ഏറ്റവും കൂടുതല്‍. ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍താരം സി.കെ. വിനീതാണ് ഇപ്പോഴത്തെ തര്‍ക്കവസ്തു. വിനീത് തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നു പറഞ്ഞുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ യുവജന സംഘടനകള്‍ രംഗത്തുവന്നതോടെയാണ് സംഭവത്തിനു ചൂടുപിടിച്ചത്. കേരളത്തിനായി ഗോളടിച്ചു മുന്നേറിയതാണ് വിനീതിന് വിനയായത്. കണ്ണൂരിന്റെ വിപ്ലവവീര്യം കാലില്‍ ആവാഹിച്ചാണ് വിനീത് കളത്തിലിറങ്ങിയതെന്നാണ് ചെങ്കൊടിയുടെ കാവല്‍ക്കാരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
ഇവരിങ്ങനെ പറയുമ്പോള്‍ കാവിയുടെ കാവല്‍ക്കാര്‍ക്ക് വെറുതേയിരിക്കാന്‍ പറ്റുമോ? കണ്ണൂര്‍ എസ്എന്‍ കോളജില്‍ 2008ല്‍ എബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായിരുന്നു വിനീതെന്നും അന്ന് വളരെ നിസാരവോട്ടുകള്‍ക്കായിരുന്നു വിനീത് പരാജയപ്പെട്ടതെന്നും അവര്‍ പറയുന്നു. ഭാരതാംബയുടെ പൊന്നോമന പുത്രനാണ് വിനീതെന്നു പറയുന്ന ഭാരതത്തിലെ ജനങ്ങളുടെ പാര്‍ട്ടിക്കാര്‍ പതിവുപോലെ ബോലോ ഭാരത് മാതാ കീ ജയ് പറഞ്ഞാണ് അവസാനിപ്പിക്കുന്നത.് എന്തായാലും വരും ദിനങ്ങളില്‍ കെഎസ്‌യുവും എംഎസ്എഫും എഐഎസ്എഫുമൊക്കെ അവകാശം പറഞ്ഞുകൊണ്ടുവരുമോയെന്നു കാത്തിരുന്നു കാണാം.
അതേസമയം കളിയെ കളിയായിട്ടു കാണണമെന്നും എല്ലാത്തിലും രാഷ്ട്രീയം കാണുന്നത് നാണക്കേടാണെന്നുമാണ് യഥാര്‍ഥ കളിയാരാധകരുടെ അഭിപ്രായം. രാഷ്ട്രീയ ഗ്രൂപ്പുകളിലെ അവകാശവാദത്തെ പലരും അതിരൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. നിര്‍ണായകമായ സെമിഫൈനല്‍ വരാനിരിക്കെ ഇത്തരത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ ടീമിന്റെ മനോവീര്യം തകരാനേ ഇടയാക്കുകയുള്ളുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും തന്നെപ്പറ്റി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വിവാദങ്ങളെക്കുറിച്ച് വിനീത് അറിഞ്ഞോയെന്ന് വ്യക്തമല്ല.