മാള: കച്ചവടവും വർഗീയതയും വിദ്യാഭ്യാസ രംഗത്ത് കടന്നു വന്നതോടെ വിദ്യാഭ്യാസം കന്പോളവത്കരിക്കപ്പെട്ടുവെന്നും അവിടെ നിന്നുള്ള തിരിച്ചു പിടിക്കലാണ് വിദ്യാഭ്യാസ രംഗത്തിന് ആവശ്യമെന്നും വിദ്യാഭ്യാസമന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് പറഞ്ഞു.
മാള ഗവണ്മെന്റ് മോഡൽ എൽപി സ്കൂളിന്റെ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനപങ്കാളിത്തത്തോടെ പൊതു വിദ്യാഭ്യാസ മേഖലയെ ഉയർത്തികൊണ്ടുവരുവാൻ എല്ലാവരും പ്രയത്നിക്കണമെന്നും പൊതു വിദ്യാഭ്യാസ രംഗം വളരുന്നതോടെ കന്പോളവത്കരണം ഇല്ലാതാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അഡ്വ. വി.ആർ.സുനിൽകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സമ്മാന വിതരണവും ജില്ലാ പഞ്ചായത്തംഗം അഡ്വ. നിർമൽ സി.പാത്താടൻ സ്മരണിക പ്രകാശനവും നടത്തി. പ്രധാനാധ്യാപിക എം.ആർ.കോമളവല്ലി വിരമിക്കുന്ന പ്രീപ്രൈമറി ആയ എം.കെ.ശാന്തയ്ക്ക് ഉപഹാരസമർപ്പണം നടത്തി.
മുൻ എംഎൽഎ യു.എസ്.ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എസ്.ശ്രീജിത്ത്, വിനിത സദാനന്ദൻ, രാധ ഭാസ്കരൻ, ബ്ലോക്ക് മെംബർ സോന കരീം തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.സുകുമാരൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് ഷൈബി നന്ദിയും പറഞ്ഞു. പൊതുസമ്മേളനശേഷം വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.