തൃശൂർ: ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളെ ഹരിതാവരണ കാന്പസുകളാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്. 33 ശതമാനമെങ്കിലും ഹരിതാവരണം സൃഷ്ടിക്കലാണ് ലക്ഷ്യം. സംസ്ഥാനത്തെ 14,000 കാന്പസുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.
ഒൗഷധഗുണമുള്ളവയും ഫലവൃക്ഷങ്ങളും ഉൾപ്പെടെ ഇതിൽ ഉൾപ്പെടുത്തും. ജൂണ്‍ അഞ്ചുമുതൽ ഓരോ കാന്പസിലും ഓരോ പ്ലാവ് എങ്കിലും വച്ചുപിടിപ്പിക്കും. പ്രകൃതിസൗഹൃദ പഠനസാഹചര്യത്തിലൂടെ പഠനമികവ് ഉയർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ സർക്കാർ എൽപി, യുപി സ്കൂളുകളുകളെ കൂടി ഹൈ ടെക് സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തും. 45,000 സ്കൂളുകളെയാണ് ഹൈടെക് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. 36,000 സ്കൂളുകളിൽ പദ്ധതി പൂർത്തിയായി. ബാക്കി സ്കൂളുകളിൽ ജൂണ്‍ 15നു മുന്‍പ് പദ്ധതി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയായി.