ഇന്നോവ കാറില്‍ പാഞ്ഞുനടന്ന് ഉദ്ഘാടനങ്ങള്‍ നടത്തിയാല്‍ പോരാ! ഒന്നിവിടെ വരെ വന്ന് ഇവിടുത്തെ അവസ്ഥ മനസിലാക്കണം; മന്ത്രി സി രവീന്ദ്രനാഥനോട് നാട്ടുകാരിയുടെ പരാതി ശ്രദ്ധേയമാവുന്നു

ന്യൂനമര്‍ദം ശക്തി പ്രാപിച്ചുകഴിഞ്ഞു. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, തുടങ്ങി പ്രകൃതി ദുരന്തങ്ങള്‍ ജനത്തെ ആശങ്കപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ്. ഇതിനിടെ യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിച്ചുകൊണ്ട് റോഡുകള്‍ തോടുകള്‍ പോലെയുമായിരിക്കുന്നു. ജനങ്ങള്‍ പല വിധത്തിലും പ്രതികരിക്കുന്നുണ്ടെങ്കിലും ജനപ്രതിനിധികള്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

വോട്ടപക്ഷേയുമായി വന്ന് പോയിക്കഴിഞ്ഞാല്‍ പിന്നീട് ഇവരാരെയും കണികാണാന്‍ പോലും കിട്ടാറില്ലെന്നാണ് ജനങ്ങള്‍ പരാതിപ്പെടുന്നത്. പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ റോഡ് തോടായതായി നാട്ടുകാര്‍ പരാതിപ്പെടുകയും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനെതിരെ നാട്ടുകാര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

ഇപ്പോഴിതാ തൃശൂര്‍ ജില്ലയിലെ പുതുക്കാട് മണ്ഡലത്തിലെ നാട്ടുകാര്‍ മഴയില്‍ കുളമായ തങ്ങളുടെ റോഡ് കാട്ടിക്കൊണ്ട് തങ്ങളുടെ എംഎല്‍എയും മന്ത്രിയുമായ സി രവീന്ദ്രനാഥിനോട് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നു. എംഎല്‍എയും മന്ത്രിയുമായ സി.രവീന്ദ്രനാഥ് പ്രശ്നത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയാണ്.

പ്രതിഷേധഭാഗമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ ഫേസ്ബുക്ക് ലൈവാണ് ഇപ്പോള്‍ കൈയടി നേടുന്നത്. വോട്ട് നേടാനായിട്ട് മാത്രം വന്നാല്‍ പോരാ, നാട്ടില്‍ വന്ന് പ്രശ്നങ്ങള്‍ മനസ്സിലാക്കിയാല്‍ മാത്രമേ പരിഹാരമാകൂ എന്നാണ് പ്രവര്‍ത്തക ഓര്‍മിപ്പിക്കുന്നത്.

ഈ വോട്ട് ചോദിക്കാനായിട്ട് ഉഷാറായിട്ട് വരാന്‍ മാത്രം അറിഞ്ഞാല്‍ പോരാ..എംഎല്‍എയും മന്ത്രിയുമൊക്കെ നമ്മുടെ മണ്ഡലത്തില്‍ നിന്ന് ഉണ്ടായിട്ട് എന്താ കാര്യം? ആ ആറ്റപ്പള്ളിയുടെ അരോചകാവസ്ഥ ..

മാഷിവിടെ ഒരുതവണ തവണയെങ്കിലും വന്ന് നോക്കിയോ? മാഷിന്റെ സന്തതസഹചാരിയായ സൈക്കിളുണ്ടല്ലോ..അതിലൊന്ന് വന്നുനോക്കിയേ..അപ്പോഴേ മാഷ്‌ക്ക് ഇവിടെ ജീവിക്കുന്നവരുടെ ബുദ്ധിമുട്ട് അറിയൂ.ഇവിടെ ജീവിക്കുന്ന ഓരോ മനുഷ്യനും എത്ര ബുദ്ധിമുട്ടുണ്ടെന്ന് മാഷ് അറിയണം.

കാറിലിങ്ങനെ എല്ലാ ഉദ്ഘാടനങ്ങളും ചെയ്ത് നടന്നാല്‍ മാത്രം പോരാ..മാഷ് ഒന്ന് വാ ഇങ്ങട്.സൈക്കിളില്‍ ഒന്ന് അങ്ങോട്ട് ഇങ്ങോട്ട് ചവിട്ടി നോക്ക്..അപ്പോഴേ മാഷ്‌ക്ക് അറിയുള്ളു ഇതിന്റെ ബുദ്ധിമുട്ട്.

ഈ ഇന്നോവ കാറില്‍ അങ്ങോട്ട് ഇങ്ങോട്ട് പോകുമ്പോള്‍ ജനങ്ങളുടെ ബുദ്ധിമുട്ട് അറിയുന്നില്ല. സാധാരണക്കാരില്‍ സാധാരണക്കാരനായ ജനകീയ നേതാവിനെയാണ് ഞങ്ങള്‍ ജയിപ്പിച്ചുവിട്ടത്.അല്ലാതെ മന്ത്രിയായിട്ട് ഇന്നോവയില്‍ നടക്കുന്ന മാഷിനെയല്ല. എന്നിങ്ങനെ പരാതി നീളുന്നു.

Related posts