പാറശാല: കരോടിൽ മധ്യവയസ്കനെ കഴുത്തറത്തു മരിച്ചനിലയിൽ കണ്ടെത്തി. കാക്കവിള ചുരക്കാവിള വില വീട്ടിൽ ചെല്ലയ്യന്റെ മകൻ യേശുദാസ് (ജോൺ-48 )നെയാണ് കഴുത്തറത്തു മരിച്ച നിലയിൽ കണ്ടെത്തിയത്.
പലക മുറിക്കാൻ ഉപയോഗിക്കുന്ന വൈദ്യുതിയിൽ പ്രവർത്തിപ്പിക്കുന്ന കട്ടർ മൃതദേഹത്തിനു സമീപം ഉണ്ടായിരുന്നു.
വീടിനോടു ചേർന്ന് പ്രത്യേകം നിർമിച്ചിട്ടുള്ള അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപം പലക മുറിക്കാനുപയോഗിക്കുന്ന വൈദ്യുതി കട്ടർ പ്ലഗിൽ ഫിറ്റ് ചെയ്ത നിലയിലായിരുന്നു.
വീടിന്റെ കോൺക്രീറ്റ് പണിക്കായുള്ള തട്ടടി പണിക്കാരനാണ് മരിച്ച യേശുദാസ്. ഇന്നുരാവിലെ ഏഴു മണിയോടെ യേശുദാസിന്റെ രണ്ടാമത്തെ മകൻ അടുക്കളയിൽ കയറാൻ നോക്കിയപ്പോൾ കതക് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.
ബലം പ്രയോഗിച്ച് കതകു തുറന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചു മരിച്ചുകിടക്കുന്ന പിതാവിനെയാണ് കണ്ടത്.
യേശുദാസിന്റെ ഭാര്യ ഒരുവർഷം മുന്നേ മരിച്ചിരുന്നു. അതിന്റെ മാനസിക ആഘാതത്തിലായിരുന്നു യേശുദാസെന്ന് പോലീസ് പറഞ്ഞു.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മക്കൾ- ജോമോൻ ,ഷിജിൻ,ഷിജിത്.