ന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നു സി വോട്ടർ സർവേ. രാജസ്ഥാനിൽ കോൺഗ്രസ് 145 സീറ്റോടെ വൻ ഭൂരിപക്ഷം നേടുമെന്നാണു പ്രവചനം. മധ്യപ്രദേശിൽ കോൺഗ്രസ് 116 സീറ്റും ബിജെപി 107 സീറ്റും നേടുമെന്നും തെലുങ്കാനയിൽ കോൺഗ്രസ് സഖ്യം 64 സീറ്റ് നേടി അധികാരത്തിലെത്തുമെന്നുമാണു പ്രവചനം.
ഛത്തീസ്ഗഡിലെ സീറ്റുകളിൽ ബിജെപിക്ക് നേരിയ മുൻതൂക്കമുണ്ടാകുമെന്നും മിസോറമിൽ ആർക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും സി വോട്ടർ പറയുന്നു. രാജസ്ഥാനിൽ കോൺഗ്രസ് 47.9 ശതമാനം വോട്ടും ബിജെപി 39.7 ശതമാനം വോട്ടും നേടും. മധ്യപ്രദേശിൽ കോൺഗ്രസ് 42.3 ശതമാനം വോട്ടും ബിജെപി 41.5 ശതമാനം വോട്ടും നേടും. ഛത്തീസ്ഗഡിൽ വോട്ട് ശതമാനത്തിൽ നേരിയ മുൻതൂക്കം കോൺഗ്രസിനാണ്. കോൺഗ്രസ് 42.2 ശതമാനം വോട്ടും ബിജെപി 41.6 ശതമാനം വോട്ടും നേടുമെന്നാണു പ്രവചനം.
രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നു സിഎൻഎക്സ്, സിഎസ്ഡിഎസ്, സിഫോർ സർവേകളും പ്രവചിക്കുന്നു. അതേസമയം, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപി ഭൂരിപക്ഷം നേടുമെന്നാണു സിഎൻഎക്സും സിഎസ്ഡിഎസും പ്രവചിക്കുന്നത്.