തൃശൂർ: ഇടതുവിംഗിലൂടെ പന്തുമായി കുതിച്ചു പാഞ്ഞ് ഗോൾ പോസ്റ്റിനുനേരെ ബുള്ളറ്റ് ഷോട്ടുകൾ തൊടുക്കുന്ന ലിസ്റ്റനെ അത്ര പെട്ടന്ന് ആർക്കും മറക്കാനാകില്ല.
എക്കാലത്തും കളിക്കളത്തിലെ ആവേശമായിരുന്ന ലിസ്റ്റന്റെ മരണം ഇന്ത്യൻ ഫുട്ബോളിനു വൻ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.
തൃശൂർ കേരളവർമ കോളജിലൂടെയാണ് ലിസ്റ്റൻ ഫുട്ബോൾ ലോകത്തെത്തുന്നത്. കേരളവർമ കോളജ് ടീമംഗമായിരുന്ന ലിസ്റ്റൻ പിന്നീട് കാലിക്കട്ട് യൂണിവേഴ്സിറ്റി ടീമിന്റെ കുന്തമുനയായി മാറി.
ഇന്ത്യൻ ടീം കളിക്കാരായിരുന്ന സി.വി. പാപ്പച്ചൻ, ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, വി.പി. സത്യൻ, ഷറഫലി, കെ.ടി. ചാക്കോ, സോളി സേവ്യർ എന്നിവരോടൊപ്പം കളിച്ച ലിസ്റ്റൻ പലപ്പോഴും ഗോൾ നേടി ടീമിനെ വിജയിപ്പിക്കുന്നതിൽ മുന്നിലായിരുന്നു.
ഇടതുവിംഗിൽ കളിച്ചിരുന്ന ഏറ്റവും മികച്ച താരമായിരുന്നു ലിസ്റ്റൻ. പോലീസ് ടീമിന്റെ സുവർണ കാലത്ത് തൃശൂരിൽ നടന്ന ഫെഡറേഷൻ കപ്പിൽ കിരീടം നേടിയപ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്രക്കെതിരേ ഗോൾ നേടിയത് ലിസ്റ്റനായിരുന്നു.
ഏത് ചെറിയ കളിയായാൽ പോലും ആത്മാർഥതയോടെ മാത്രമേ കളിക്കളത്തിലിറങ്ങാറുള്ളൂ.
പവർഫുൾ പ്ലെയറെന്ന നിലയിൽ ടീമിന് മൊത്തം പോസിറ്റീവ് എനർജി നൽകുന്നതിൽ ലിസ്റ്റന്റെ സാന്നിധ്യം ചെറുതായിരുന്നില്ല.
സന്തോഷ് ട്രോഫിക്കായി കേരള ടീമിലും, ഇന്ത്യൻ ടീമിലുമൊക്കെ ലിസ്റ്റൻ ഇടതുവിംഗിലെ കുന്തമുനയായിരുന്നു. അത്രവലിയ മോഹങ്ങളൊന്നുമുണ്ടായിരുന്നില്ല.
അതിനാൽ തന്നെ അവസരം കിട്ടുന്ന കളികളിൽ തന്റെ എല്ലാ കഴിവുകളും പ്രയോഗിച്ചിരുന്ന ലിസ്റ്റൻ പോലീസ് ടീമിൽ തന്നെ ഒതുങ്ങി കൂടി.
ഐ.എം. വിജയനെ കണ്ടെത്തിയ ക്യാന്പിൽ നിന്നാണ് ലിസ്റ്റനെയും ടി.കെ. ചാത്തുണ്ണി കണ്ടെത്തിയത്.
അന്ന് പന്ത്രണ്ട് വയസുണ്ടായിരുന്ന ലിസ്റ്റന് അസാമാന്യ പന്തടക്കവും ആക്രമണ രീതിയുമായിരുന്നുവെന്ന് പരിശീലനകൻ ചാത്തുണ്ണി ഓർക്കുന്നു.
പിന്നീട് കേരളവർമ കോളജിലെത്തിയതോടെയാണ് ബുള്ളറ്റ് ഷോട്ടുകളുതിർത്തിരുന്ന ലിസ്റ്റൻ ഗോളികളുടെ പേടിസ്വപ്നമായി മാറിയത്.
ലിസ്റ്റനുമായി സൗഹൃദത്തിനുപരി സഹോദരബന്ധമായിരുന്നെന്ന് ഐ.എം. വിജയൻ ഓർമിക്കുന്നു. തൃശൂർ അളഗപ്പനഗർ സ്വദേശിയായിരുന്ന ലിസ്റ്റൻ പോലീസ് അക്കാദമിയിൽ അസിസ്റ്റന്റ് കമാൻഡന്റായിരുന്നു.