തൃശൂർ: പൂരങ്ങളുടേയും ഉത്സവങ്ങളുടേയും തോഴനായിരുന്ന സി.എ.മേനോൻ ഓർമയാകുന്പോൾ തൃശൂരിന്റെ ഉത്സവക്കൂട്ടായ്മകളിൽ നിന്ന് വിടവാങ്ങുന്നത് തൃശൂരിന്റെ സ്വന്തം ആനമേനോൻ. ആനയോടും ഉത്സവങ്ങളോടും വല്ലാത്ത കന്പമുണ്ടായിരുന്ന സി.എ.മേനോനെ കൂട്ടുകാരും നാട്ടുകാരും സ്നേഹത്തോടെ വിളിച്ചിരുന്നത് ആനമേനോൻ എന്നായിരുന്നു. അതു കേൾക്കുന്നതിൽ അദ്ദേഹത്തിന് അഭിമാനവും ആഹ്ലാദവുമായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ച സി.എ.മേനോൻ പിന്നീട് എൽഐസിയിൽ ഡവലപ്മെന്റ് ഓഫീസറായി. വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തിന്റെ സംഘാടകനായി 30 വർഷം ഉണ്ടായിരുന്നു. വടക്കാഞ്ചേരി വിഭാഗത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.
സി.കെ.ആർ.ബാലാജി ട്രസ്റ്റിന്റെ ഭാരവാഹിയായിരുന്ന മേനോൻ ട്രസ്റ്റിന്റെ പേരിൽ വാങ്ങിയ പരമേശ്വരൻ എന്ന ആനയെ പാറമേക്കാവ് അന്പലത്തിൽ നടയിരുത്തി. ആന പാറമേക്കാവ് പരമേശ്വരൻ എന്നാണ് പിന്നീട് അറിയപ്പെട്ടത്.
ചെറുപ്പംമുതൽ ആനയോടുള്ള കന്പംമൂലം സുഹൃത്തുക്കൾ ആനമേനോൻ എന്നാണ് സി.എ.മേനോനെ സ്നേഹത്തോടെ വിളിച്ചിരുന്നത്. അയ്യന്തോൾ ചുങ്കത്ത് മാതൃഹൃദയം എന്ന വീട്ടിലാണ് വർഷങ്ങളായി താമസം. ഉത്രാളിക്കാവ് പൂരത്തിന്റെ സംഘാടകനായിരുന്നു എങ്കിലും തൃശൂർപൂരത്തിൽ മേനോൻ എക്കാലവും കാഴ്ചക്കാരനായിരുന്നു.
കേരളത്തിലെ ഉത്സവങ്ങൾ വിദേശികൾക്കുവേണ്ടി അദ്ദേഹം പരിചയപ്പെടുത്തിയിരുന്നു. ഫെസ്റ്റിവൽ ഡയറക്ടറി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വന്തം ആനയായ പരമേശ്വനെകുറിച്ചും പുസ്തകമെഴുതിയിട്ടുണ്ട്. തൃശൂരിന്റെ ടൂറിസം അംബാസിഡർ എന്നാണ് വിളിച്ചിരുന്നത്. പെപ്പിത നോബിൾ എന്ന പ്രശസ്ത വനിതാ ഫോട്ടോഗ്രാഫറെ തൃശൂരിന് പരിചയപ്പെടുത്തിയത് മേനോനാണ്.
ഇവർ പിന്നീട് കേരളത്തിന്റെ പാരന്പര്യ കലാരംഗത്ത് ഗവേഷകയായി അറിയപ്പെട്ടു. ടൂറിസം വകുപ്പ് കഴിഞ്ഞാൽ തൃശൂർ പൂരത്തിന് വിദേശികൾക്ക് ആശ്രയം മേനോനായിരുന്നു. അഞ്ചുവർഷം മുന്പുവരെ വിദേശത്തുള്ളവർ പൂരം കാണാൻ എത്തുന്നതിന് മുന്പ് മേനോനെ വിളിക്കുമായിരുന്നു.
കുറച്ചുകാലമായി മേനോൻ വിശ്രമത്തിലായിരുന്നു. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും വിദേശികളുമായും ഉത്സവം കാണാൻ പോവുക മേനോന്റെ ഇഷ്ടവിനോദമായിരുന്നു. സാംസ്കാരിക സിനിമാരംഗത്തുള്ളവരുമായും അടുത്ത ബന്ധമുണ്ട്. അരവിന്ദൻ, ആർ.ആർ.നായർ, കാവാലം, എം.വി.ദേവൻ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അരവിന്ദന്റെ മാറാട്ടം സിനിമ ചിത്രീകരിച്ചപ്പോൾ മേനോനായിരുന്നു കൂട്ട്.
ഗുരുവായൂർ കേശവൻ, പ്രയാണം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആനകഥകൾ ടെലിഫിലിമാക്കാൻ തിരക്കഥാകൃത്ത് അരൂകുറ്റി ശ്രീകുമാറുമായി സഹകരിച്ച് പ്രവർത്തിച്ചു.
സി.എ.മേനോൻ അന്തരിച്ചു
തൃശൂർ: സാംസ്കാരിക പ്രവർത്തകനും ഉത്സവസംഘാടകനുമായ ചെന്പകശ്ശേരി അരവിന്ദാക്ഷമേനോൻ (സി.എ.മേനോൻ 81) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ. കുറച്ചുകാലമായി അസുഖമായി ചികിത്സയിലായിരുന്നു. ഭാര്യ: റിട്ട. ഇൻകംടാക്സ് ഉദ്യോഗസ്ഥ വട്ടേക്കാട്ട് തങ്കമണി.
മക്കൾ: പ്രഫ.വി.എ.നാരായണമേനോൻ (ശ്രീ കേരളവർമ്മ കോളജ്), വി.എ.കല്ല്യാണികുട്ടി, വി.ശ്രീകുമാർ (പുരാവസ്തുവകുപ്പ്, ജോദ്പൂർ) മരുമക്കൾ: ഗീത (പിയർലസ് മുൻ ഉദ്യോഗസ്ഥ), ധന്യ (മിലിറ്ററി എൻജിനിയർ).
ചെന്പകശ്ശേരി കല്ല്യാണികുട്ടിയമ്മയുടേയും പുലിപ്പറ അച്യുതമേനോന്റെയും മകനാണ് സി.എ.മേനോൻ. സഹോദരങ്ങൾ : പരേതയായ കമലം (പ്രധാനാധ്യാപിക, വടക്കാഞ്ചേരി സ്കൂൾ), പരേതയായ കുമാരി (റിട്ട. ശിരസ്തോദാർ), പരേതനായ ഗംഗാധരമേനോൻ, സരസ്വതി (റിട്ട. ഒൗഷധി ഉദ്യോഗസ്ഥ), പാർവ്വതി (റിട്ട. കെ.എസ്.ഇ.ബി), പ്രഫ.സുലോചന, പത്രപ്രവർത്തകനും ആക്റ്റിവിസ്റ്റുമായിരുന്ന പരേതനായ മുകുന്ദൻ സി.മേനോൻ.