ന്യൂയോർക്ക്: ഇന്ത്യയിലെ പൗരത്വ നിയമഭേദഗതിയില്‍ ആശങ്കയറിയിച്ച് അമേരിക്കയും ഐക്യരാഷ്ട്ര സഭയും രംഗത്ത്. അടിസ്ഥാനപരമായി തന്നെ വിവേചനസ്വഭാവമുള്ളതാണു നടപടിയെന്ന് മനുഷ്യാവകാശങ്ങൾക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണറുടെ ഓഫീസ് വക്താവ് ചൂണ്ടിക്കാട്ടി.
നടപടി മനുഷ്യാവകാശ നിയമങ്ങളുടെ പരിധിയില്‍ തന്നെയാണോ വരികയെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതി വിജ്ഞാപനം പുറത്തുവന്നതിൽ ആശങ്കയുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞു. ജനാധിപത്യ തത്വങ്ങളിൽ എല്ലാ വിഭാഗത്തോടും തുല്യസമീപനമാണു വേണ്ടതെന്നും മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനം അനിവാര്യമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തുല്യതയ്ക്കും മതേതരത്വത്തിനും ആഘാതമാണ് പൗരത്വ നിയമഭേദഗതിയെന്ന് ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി.