ഭീമൻ കാബേജ് വിളയിച്ച് നവമാധ്യമങ്ങളിൽ കൗതുകം സമ്മാനിച്ച് ദമ്പതികൾ. ഓസ്ട്രേലിയയിലെ ജാക്കീസ് മാർഷിലുള്ള ടാസ്മാനിയൻ താഴ്വരയിൽ താമസിക്കുന്ന റോസ്മേരി നോർവൂഡും ഭർത്താവ് സിയാൻ കാഡ്മാനുമാണ് ഇത്തരമൊരു നേട്ടം സ്വന്തമാക്കി സോഷ്യൽമീഡിയയുടെ കൈയടി നേടുന്നത്.
പച്ചക്കറി കൃഷിക്ക് വലിയ പ്രാധാന്യം നൽകുന്ന ഈ ദമ്പതികൾ 2018 ഏപ്രിലിലാണ് തങ്ങളുടെ കൃഷിയിടത്തിൽ നിരവധി കാബേജ് തൈകൾ നട്ടത്. മികച്ച രീതിയിൽ തന്നെ ഇവർ കാബേജുകളെ പരിപാലിച്ചു വളർത്തി. നാളുകൾക്കു ശേഷം ഫലം കൊയ്യുകയും ചെയ്തു.
എന്നാൽ കൃഷി ചെയ്ത സ്ഥലത്ത് ഒരു കാബേജു മാത്രം ഇവർ എടുത്തില്ല. കുറെ നാളുകൾക്കുടി ഇതിനെ പരിപാലിക്കാമെന്ന് തീരുമാനിച്ച ഇരുവരും നെറ്റ് ഉപയോഗിച്ചാണ് പ്രാണികളിൽ നിന്നും മറ്റ് മൃഗങ്ങളിൽ നിന്നും ഈ കാബേജിനെ സംരക്ഷിച്ചത്.
ഏകദേശം ഒമ്പത് മാസങ്ങൾക്കു ശേഷം അടുത്തിടെയാണ് ഇവർ കാബേജ് പറിച്ചത്. അപ്പോഴേക്കും ഈ കാബേജ് ഒരു വലിയ മനുഷ്യന്റെ അത്രെയും വളർന്നിരുന്നു. സോഷ്യൽമീഡിയയിൽ ഈ കാബേജിന്റെ ചിത്രങ്ങൾ വൈറലായതിനെ തുടർന്ന് ദമ്പതികൾക്ക് അഭിനന്ദനവുമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.