വളരെ രുചികരവും ഗുണസന്പുഷ്ടവുമാണ് കാബേജ്. ജീവകങ്ങളും പോഷകങ്ങളും സമൃദ്ധമായ ഈ ശീതകാല പച്ചക്കറി കാൻസർ, ഹൃദ്രോഗം തുടങ്ങി പല മാരക രോഗങ്ങളെയും നിയന്ത്രിക്കാനും ഫലപ്രദമാണ്. കാര്യം ഇതൊക്കെയാണെങ്കിലും കുറച്ചു കാലങ്ങളായി കാബേജ് എന്നു കേൾക്കുന്പോൾ പലർക്കും ചതുർഥിയാണ്. രാസ കീടനാശിനി പ്രയോഗങ്ങളുടെ പേടിപ്പെടുത്തുന്ന കഥകളാണ് കാബേജിൽ നിന്നും മലയാളിയെ അകറ്റുന്നത്. പണം മാത്രം ലക്ഷ്യമാക്കുന്ന ചില കച്ചവടക്കാർ കാബേജിനെ ഡിഡിറ്റി തുടങ്ങിയ കീടനാശിനികളിൽ മുക്കിയാണ് വില്പനയ്ക്കു വയ്ക്കുന്നതെന്നും മനുഷ്യശരീരത്തിനു ഹാനികരമായ കീടനാശിനികളാണ് കാബേജ് കൃഷിയിൽ ഉപയോഗിക്കുന്നതെന്നുമുള്ള വാർത്തകൾ കാബേജിന്റെ വലിയ ഇഷ്ടക്കാരെ വരെ മാറ്റി നിർത്തി. എന്നാൽ പല കൃഷി സ്നേഹികളും ഇപ്പോൾ വീട്ടമ്മമാരും കാബേജിനെ വിഷരഹിതമാക്കാനുള്ള പ്രയത്നങ്ങൾ വിജയകരമായി തുടങ്ങിയിട്ടുണ്ട്. വിളഞ്ഞു നില്ക്കുന്ന കാബേജ് കാണുവാനും അഴകാണ്. കീടനാശിനി തളിക്കാത്ത ശുദ്ധമായ പച്ചക്കറിയും ലഭിക്കും. ഇതിന്റെ കൃഷിരീതിയും എളുപ്പമാണ്. നല്ല വിത്ത് കിളിർപ്പിച്ചോ തൈകൾ നട്ടോ കാബേജ് വളർത്താം. കാബേജ് തൈകൾ പുറത്തുനിന്നു വാങ്ങാനും ലഭിക്കും. സ്വന്തം വീട്ടുമുറ്റത്ത് ഈ ശീതകാല പച്ചക്കറി നട്ടുവളർത്തി നല്ല ഒന്നാന്തരം ജൈവ കാബേജ് വിളയിച്ചെടുക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. വീട്ടുപറന്പിൽ സെപ്റ്റംബർ മുതൽ കാബേജ് കൃഷി തുടങ്ങാം. തുറസായസ്ഥലത്തോ, ചെറിയ പരന്ന പാത്രത്തിലോ പ്രോട്രേകളിലോ വിത്തു പാകാം.
നീർവാർച്ചയുള്ള മണ്ണും, സൂര്യപ്രകാശവും കാബേജിന്റെ വളർച്ചയ്ക്ക് ആവശ്യമാണ്. വിത്തു പാകുന്നതിനു മുന്പ് അര മണിക്കൂർ ജീവാണുവളമായ സ്യൂഡോമോണസ് ലായനിയിൽ ഇട്ടു വയ്ക്കാവുന്നതാണ്. ലായനി ലഭിച്ചില്ലെങ്കിൽ 20 ഗ്രാം സ്യൂഡോമോണസ് പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാം. വിത്തു പാകിക്കഴിഞ്ഞാൽ ഇടയ്ക്കിടെ വെള്ളം നല്കണം. നാലില പ്രായമാകുന്പോൾ വിത്ത് ഇളക്കി നടാം. ഗ്രോബാഗിലാണെങ്കിൽ മണൽ, മേൽമണ്ണ്, ഉണക്കചാണകപ്പൊടി, ചകിരിച്ചോറ്, കന്പോസ്റ്റ് അഥവാ വെർമികന്പോസ്റ്റ് എന്നിവ 1:1:1 അനുപാതത്തിൽ തയാറാക്കണം. ചാണകപ്പൊടിയും കന്പോസ്റ്റും ഒന്നിച്ച് ഇളക്കി ഉപയോഗിക്കാം. ഉദാഹരണമായി രണ്ടുചട്ടി മണലാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ടു ചട്ടി മേൽ മണ്ണ് രണ്ട് ചട്ടി ചാണകപ്പൊടി അഥവ കന്പോസ്റ്റ് എന്നിങ്ങനെ അനുപാതത്തിലെടുക്കുക. വീട്ടുപറന്പിലാണ് തൈ നടുന്നതെങ്കിൽ ചെറിയ വരന്പുകൾ ഉണ്ടാക്കി അതിന്റെ മുകളിൽ ചാണകപ്പൊടിയും വേപ്പിൻ പിണ്ണാക്കും ഇട്ടിളക്കി പരുവപ്പെടുത്തി തൈകൾ നടാം. ഫംഗസ് ആക്രമണം അധകം നേരിടാത്ത ഒരു പച്ചക്കറിയാണ് കാബേജ്. അതിനാൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നീ വളങ്ങൾ മതിയാകും.
ട്രൈക്കോഡർമ എന്ന ജീവാണു വളം ഉപയോഗിക്കുന്നവർക്കു മണ്ണ് തയാറാക്കുന്പോൾ ആവശ്യത്തിനു ചേർ ക്കാം. ഒരു സെന്റിൽ കാബേജ് കൃഷി നടത്തുന്പോൾ 90 കിലോ ചാണകപ്പൊടി, 10 കിലോ വേപ്പിൻ പിണ്ണാക്ക്, ഒരു കിലോ ട്രൈക്കോഡർമ എന്നിവയാണ് ഉപയോഗിക്കുന്നത്. ഈ വളം തയാറാക്കാൻ ഇവമൂന്നും കുഴച്ച്, ചാക്കിട്ട് മൂടി ഒരാഴ്ച കഴിഞ്ഞു വേണം ഉപയോഗിക്കാൻ. ഇതിൽ നിന്നും ഒരുപിടി വീതം ഇട്ട് നിലം ഒരുക്കാം. വളരെ കുറച്ച് കൃഷിയിടമേ ഉള്ളുവെങ്കിൽ അതിനനുസരിച്ചുള്ള ചാണകപ്പൊടിയും, മറ്റുവളവും ചേർത്താൽ മതിയാകും. ഒന്നരയടി അകലത്തിൽ തൈകൾ നടാം. തൈ പറിച്ചു നടുന്ന സമയത്ത് വലിയ വെയിലിൽ നിന്നും രക്ഷനേടാൻ നാലുദിവസം ഓലവച്ച് തണൽ നല്കണം. ജീവക സമൃദ്ധമായ കാബേ ജ് പലതരം കാൻസർ നിയന്ത്രണത്തിനു സഹായിക്കും. ഗ്യാസ്ട്രിക് അൾസറിനു ഫലപ്രദമാണ്. ജീവകം ബി, സി, കെ, ഇ വിറ്റാമിൻ ഒ, സി, കെ എന്നിവ അടങ്ങിയിട്ടുള്ള കാബേജിൽ നാരുകൾ, പൊട്ടാസ്യം എന്നിവയുമുണ്ട്. ജപ്പാനിലും, അമേരിക്കയിലും നടത്തിയ ഗവേഷണങ്ങൾ അർബുദ നിയന്ത്രണത്തിനുള്ള കാബേജിന്റെ പ്രാധാന്യം തെളിയിച്ചിട്ടുണ്ട്. ദഹനത്തിനും കാബേജ് സഹായകമാണ്.
കാബേജ് തോരൻ, കാബേജ് മെഴുക്കുപുരട്ടി എന്നിവയാണ് സാധാരണ തയാറാക്കുന്ന വിഭവങ്ങൾ. വെള്ളത്തിലും മറ്റും ഇട്ട് വേവിക്കുന്നത് കാബേജിലെ വൈറ്റമിൻ അളവ് കുറയ്ക്കാൻ കാരണമാകും. അതിനാൽ ആവിയിൽ വേവിക്കുന്നതാണ് കൂടുതൽ നല്ലത്. പച്ചയായി സാലഡിലും മറ്റും കാബേജ് ഉപയോഗിക്കുന്നതും ഗുണകരമാണ്. നീളത്തിൽ അരിഞ്ഞ കാബേജ്, പച്ചമുളക്, സവാള, കാപ്സിക്കം, നാരങ്ങ നീര് എന്നിവ ചേർത്ത് സലാഡുകൾ എളുപ്പം തയാറാക്കാം. പൈനാപ്പിൾ നീളത്തിൽ അരി ഞ്ഞിടുന്നത് കാബേജ് സാലഡിന്റെ രുചി വർധിപ്പിക്കും. കാബേജ് ജ്യൂസ് ദിവസേന ധാരാളം കഴിച്ചാൽ ശരീരത്തിലെ ഇരുന്പിന്റെ അംശം കുറയുമെന്നും തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് കാബേജ് നല്ലതല്ലെന്നു മുള്ള ദോഷവശങ്ങൾ ഒഴിച്ചാൽ കാബേജ് ഒന്നാന്തരം ഒരു ഭക്ഷ്യവിഭവമാണ്. ഗുണങ്ങൾ വളരെ യുള്ളതും ദോഷങ്ങൾ കുറഞ്ഞതുമായ പച്ചക്കറിയാണ് കാബേജ്. കാൻസറിനെ പ്രതിരോധിക്കുന്ന പച്ചക്കറിയാണെങ്കിലും കീടനാശിനികളിൽ മുങ്ങി വരുന്നതു കൊണ്ടുതന്നെ ഇത് കാൻസർ വരുത്തുന്നു എന്നുള്ള വാർത്തകൾ ഉണ്ട്. അതിനാൽ മാർക്കറ്റിൽ നിന്നും കാബേജ് വാങ്ങാൻ പലർക്കും വൈമനസ്യമുണ്ട്. ഇതിനൊക്കെയുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് വീട്ടുവളപ്പിലെ കാബേജ് കൃഷി. ഫോണ്: മഞ്ജുള96336 71974.
എസ്. മഞ്ജുളാദേവി