കാക്കനാട്: തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളജിന് അടുത്ത് അമ്പലം റോഡിലെ കൊടുവളവിലെ കേബിൾകുഴി യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു. കഴിഞ്ഞദിവസങ്ങളിൽ നിരവധി പേരാണ് ഇവിടെ അപകടത്തിൽപ്പെട്ടത്.
റോഡിലൂടെ അണ്ടർഗ്രൗണ്ട് കേബിൾ സ്ഥാപിച്ച് കേബിൾ ജോയിന്റ് ചെയ്യുന്നതിനായി കുഴിച്ച കുഴി ശരിയായ വിധം നികത്താത്തതാണ് ഇരുചക്ര വാഹനങ്ങൾ നിലതെറ്റി വീഴാൻ കാരണം. ഒരു മാസത്തോളമായി ഈ റോഡിൽ ഇടവിട്ട് ഇടവിട് കുഴികൾ കുഴിച്ചത്.
പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള ടാർ ചെയ്ത റോഡ് വെട്ടി പൊളിച്ച് കുഴിയാക്കിയ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുകയോ ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കുകയോ ചെയ്തിട്ടില്ല.
മണ്ണിട്ട് മൂടിയ കുഴികളിൽ താൽകാലികമായി ചെറിയ രീതിയിൽ കോൺക്രീറ്റ് മിശ്രിതം ഇടുക മാത്രമാണ് ചെയ്തിട്ടുള്ളത്.
വഴിയാത്രക്കാർ നടന്നു പോകുന്പോൾതന്നെ റോഡ് താഴ്ന്നു പോകുന്ന സ്ഥിതിയിലാണ്. കുഴികൾ വളവിലായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴാണ് കുഴിയിൽ വീഴുന്നത്. പൊതുമരാമത്ത് വകുപ്പ് പറയുന്നത് കെഎസ്ഇബി കുഴിച്ച കുഴി അവർതന്നെ ശരിയാക്കണമെന്നാണ്.
രണ്ടു വകുപ്പുകളും പരസ്പരം പഴിചാരി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് നാട്ടുകാർ പറയുന്നു.