കൊച്ചി: നഗരസഭയുടെ അനുമതിയില്ലാതെ റോഡുകൾ കുത്തിപ്പൊളിക്കുന്നതിനെതിരെ കോർപറേഷൻ പരാതി നൽകിയിട്ടും പോലീസ് കടുത്ത അലംഭാവം കാണിക്കുകയാണെന്ന് മേയർ സൗമിനി ജെയിൻ. പനന്പള്ളിനഗർ ഉൾപ്പെടെ നഗരത്തിന്റെ പല ഭാഗത്തും കേബിളുകൾ സ്ഥാപിക്കാനായി സ്വകാര്യ ഇന്റർനെറ്റ് സേവന ദാതാക്കളായ ഭാരതി എയർട്ടെൽ കന്പനി റോഡ് കുത്തിപ്പൊളിക്കുന്നതിനെതിരെയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. സ്ഥലം സന്ദർശിച്ചതല്ലാതെ ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നതിനോ മറ്റോ പോലീസ് നടപടി സ്വീകരിച്ചില്ല.
ഇതിനെതിരെ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗത്തിൽ മേയർ അറിയിച്ചു. ഭാരതി എയർടെൽ കന്പനി തന്റെ ഡിവിഷനിലെ റോഡുകൾ കുത്തിപ്പൊളിക്കുന്നുവെന്ന കൗണ്‍സിലർ പി.ഡി. മാർട്ടിന്റെ പരാതിയിലായിരുന്നു മേയറുടെ പ്രതികരണം.
മഴക്കാലത്ത് റോഡ് വെട്ടിപ്പൊളിക്കുന്നതിന് കോർപറേഷൻ അനുമതി നൽകിയിട്ടില്ലെന്ന് മേയർ വിശദീകരിച്ചു. ഇത് മൂന്നാം തവണയാണ് അനധികൃതമായി കന്പനി റോഡ് കുത്തിപ്പൊളിക്കുന്നത്. ഇതാവർത്തിക്കാനാണ് ശ്രമമെങ്കിൽ കന്പനിക്കെതിരെ കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളേണ്ടിവരുമെന്നും മേയർ മുന്നറിയിപ്പ് നൽകി.
കെഎസ്ആർടിസി ജെട്ടി സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടത്തോട് ചേർന്ന് അനുമതിയില്ലാതെ നടക്കുന്ന കെട്ടിട നിർമാണം നിർത്തിവയ്പിക്കാൻ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥരെ മേയർ ശാസിച്ചു. കോർപറേഷന്റെ മൂക്കിനു താഴെ കടുത്ത നിയമലംഘനം നടന്നിട്ടും ഉദ്യോഗസ്ഥർ കൈയും കെട്ടി നോക്കി നിൽക്കുകയാണെന്നായിരുന്നു മേയറുടെ വിമർശനം.
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും സ്റ്റേ ഓഡർ ഉണ്ടോ എന്നതിലും അവ്യക്തതയുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വിശദീകരിച്ചപ്പോൾ കോർപറേഷന്റെ പെർമിറ്റില്ലാത്ത നടക്കുന്ന നിർമാണം നിർത്തിവയ്പിക്കുക തന്നെ വേണമെന്ന് മേയർ നിലപാടെടുത്തു. കെട്ടിടത്തിന് നന്പറിട്ടുകൊടുക്കാൻ അനുമതി നൽകരുതെന്നും മേയർ നിർദേശിച്ചു.
പശ്ചിമകൊച്ചിയിലേക്കുള്ള യാത്രാക്ലേശത്തിനു പരിഹാരമായ വാത്തുരുത്തിയിൽ നിർമിക്കാനുദ്ദേശിക്കുന്ന റെയിൽവേ ഓവർ ബ്രിഡ്ജിനെതിരെ നാവികസേനയുടെ എതിർപ്പ് ജനകീയ പ്രക്ഷോഭത്തിലൂടെ നേരിടണമെന്ന പൊതുവികാരം കൗണ്‍സിലിൽ ഉണ്ടായി. പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി അടക്കമുള്ള കൗണ്‍സിലർമാർ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു.
പാലത്തിന്റെ ഒരു ഭാഗം നാവികസേനയുടെ ഏവിയേഷൻ ടണലിനു മുന്നിൽ വരുന്നതിനാൽ വിമാനങ്ങൾക്ക് ലാന്റ് ചെയ്യാൻ തടസമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടിയാണ് നാവിക സേന പദ്ധതിയെ എതിർക്കുന്നത്. ഓവർ ബ്രിഡ്ജിനു പകരം റെയിൽവേ പാളത്തിനടിയിൽക്കൂടി ഭൂഗർഭപാത നിർമിക്കാമെന്നും അവർ പറയുന്നു. എന്നാൽ ഇതിനോട് കൗണ്‍സിലർമാർക്ക് യോജിപ്പില്ല. വഴങ്ങിക്കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് അവർ.
നാവികസേന വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കിൽ സർവകക്ഷിയോഗം ചേർന്ന് സമരപരിപാടികളുമായി മുന്നോട്ട് പോകുന്ന കാര്യം ആലോചിക്കാമെന്ന് മേയർ വ്യക്തമാക്കി. എം.ജി റോഡിലെ കോർപറേഷന്റെ അധീനതയിലുള്ള പാർക്കിംഗ് സ്ഥലത്തെ മരങ്ങൾ അർധരാത്രിയിൽ മുറിച്ചുമാറ്റിയ കരാറുകാരനെ കരിന്പട്ടികയിൽ പെടുത്തിയതായും ഇയാളുമായുള്ള കരാർ റദ്ദാക്കിയതായും മേയർ പറഞ്ഞു.
കരാറുകാരൻ കോർപറേഷനെതിരെ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. കേസ് സംബന്ധിച്ച വസ്തുതകൾ മുഴുവൻ കോർപറേഷൻ അഭിഭാഷകർക്ക് കൈമാറിയിട്ടുണ്ട്. ഗംഗോത്രി ഹാളിന് സമീപമുള്ള കോർപറേഷന്റെ പാർക്കിംഗ് സ്ഥലം സ്വകാര്യ സ്ഥാപനം കൈയേറിയെന്നും പലതവണ പരാതി പറഞ്ഞിട്ടും അധികൃതർ അനങ്ങുന്നില്ലെന്നും കൗണ്‍സിലർ സുധാ ലീപ്കുമാർ പറഞ്ഞു.