മുക്കം: കോവിഡ് കാലത്ത് വിശ്രമമില്ലാതെ ദിവസം മുഴുവൻ ജോലി ചെയ്യേണ്ട അവസ്ഥ മൂലം പ്രതിസന്ധിയിലായി ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാർ.
മറ്റ് തൊഴിൽ മേഖലകളിൽ നിന്നൊക്കെ വിഭിന്നമായി കോവിഡ് കാലത്ത് ഏറെ ജാഗ്രതയോടെ ജോലി ചെയ്യേണ്ടി വരികയും അതേസമയം തന്നെ വരുമാനം നിലക്കുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തിലെ പതിനായിരത്തോളം വരുന്ന ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാർക്കുള്ളത്.
ആളുകൾ ബഹുഭൂരിപക്ഷവും വീടുകളിൽ ഒതുങ്ങുന്ന കോവിഡ് കാലത്ത് അവർക്കുള്ള ഏക വിനോദോപാധിയായ ടെലിവിഷനും ഇന്റർനെറ്റും തടസം കൂടാതെ എത്തിക്കുകയെന്ന ഉത്തരവാദിത്വമാണ് കേബിൾ ടിവി ഓപ്പറേറ്റർമാർക്കുള്ളത്.
വർക്ക് ഫ്രം ഹോമും വിദ്യാർഥികളുടെ ഓൺലൈൻ പഠനവും കൂടിയായതോടെ അതീവ ജാഗ്രതയിൽ സേവനം എത്തിക്കേണ്ട ഉത്തരവാദിത്വവും ഇവർക്കുണ്ട്. ക്വാറൻ്റൈനിൽ കഴിയുന്നവർക്കും വിവിധ രോഗാവസ്ഥയിൽ ഉള്ളവർക്കും സേവനം എത്തിക്കേണ്ടി വരുന്ന അപകടകരമായ സാഹചര്യവും ഇവർ നേരിടുന്നുണ്ട്.
അതേസമയം ഏക വരുമാനമായ കേബിൾ ടിവി, ഇന്റർനെറ്റ് വരിസംഖ്യ പിരിച്ചെടുക്കാൻ കഴിയാത്തത് ഇവരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കോവിഡ് ബാധിച്ച് ഇതുവരെ പത്ത് കേബിൾ ടിവി ഓപ്പറേറ്റർമാരാണ് കേരളത്തിൽ മരണപ്പെട്ടത്. നൂറുകണക്കിനാളുകൾ ചികിത്സയിലുമുണ്ട്.
ഈ സാഹചര്യത്തിൽ വാക്സിനേഷനിൽ ഏറ്റവും മുന്തിയ പരിഗണന അടുത്ത ഘട്ടത്തിലെങ്കിലും തങ്ങൾക്ക് നൽകണമെന്നതാണ് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.
അതേസമയം തന്നെ കേബിൾ ടിവി ഉപഭോക്താക്കൾ അവരുടെ വരിസംഖ്യ ഓൺലൈനായോ ഗൂഗിൾ പേ പോലുള്ള സംവിധാനങ്ങളിലൂടെയോ അതത് പ്രദേശത്തെ ഓപ്പറേറ്റർമാർക്ക് നൽകണമെന്നും സംഘടനാ നേതാക്കൾ അഭ്യർഥിച്ചു.