നെടുങ്കണ്ടം: ഭൂഗർഭ കേബിൾ സ്ഥാപിക്കാനായി റോഡരികിൽ നിർമിച്ച കുഴിയിൽവീണ് ബൈക്ക് അപകടത്തിൽപെട്ടു. നാലു വയസുകാരിക്കും അച്ഛനും ഗുരുതര പരിക്ക്.
പുഷ്പക്കണ്ടം മണ്ണിച്ചേരിൽ ഫൈസൽ(30), മകൾ ഫർസാന ഫാത്തിമ (നാല്) എന്നിവർ തൂക്കുപാലത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30-ഓടെ അങ്കണവാടിയിൽനിന്നും മകളുമായി വീട്ടിലേക്ക് മടങ്ങുംവഴി പുഷ്പക്കണ്ടം – അണക്കരമെട്ട് റോഡിലാണ് അപകടം നടന്നതെന്ന് ഫൈസൽ പറഞ്ഞു.
ബൈക്ക് കുഴിയിലേക്ക് പതിച്ചതോടെ അച്ഛനും മകളും റോഡരികിലെ മെറ്റൽ കൂനയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഫൈസലിന്റെ തലയ്ക്കും കാലിനും പരിക്കുണ്ട്. ഇടതു കൈക്കും തോളിനും പൊട്ടലുണ്ട്. നാലു വയസുകാരിയുടെ ഇടതു കണങ്കാലിനും കൈക്കും സാരമായ പരിക്കുണ്ട്.
സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടും മൊഴിയെടുക്കാൻപോലും ആരും എത്തിയില്ലെന്നും ഫൈസൽ പറഞ്ഞു.
അണക്കരമെട്ടിൽ സ്ഥാപിച്ചിരിക്കുന്ന കാറ്റാടിപ്പാടത്തുനിന്നും വൈദ്യുതി എത്തിക്കുന്നതിനായി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതെന്ന് പരാതി ഉയർന്നിരുന്നു. ഇത്തരത്തിൽ ഇടുന്ന കേബിളുകൾ ഭൂമിക്കടിയിൽ നിയമാനുസൃതമായ താഴ്ചയിലല്ല സ്ഥാപിക്കുന്നതെന്നും കേബിളിട്ടശേഷം കുഴി മൂടുന്നതിന് കരാറുകാരൻ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്.
പലയിടത്തും റോഡിൽ യാത്രാതടസം സ്യഷ്ടിച്ച് കുഴികൾ നിർമിച്ചിട്ടുള്ളതായും നിർമാണ സാധനങ്ങൾ റോഡരികിൽ അലക്ഷ്യമായി തള്ളിയിരിക്കുന്നതായും നാട്ടുകാർ പറഞ്ഞു. സമാനമായ അപകടങ്ങൾ പ്രദേശത്ത് നിരവധി ഉണ്ടാക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.