കോട്ടയം: ഇത്രയും നാളും ഒരു പെഗിന് ഒരു മുട്ട. ഒന്നെടുത്താൽ ഒന്ന് ഫ്രീ എന്നെല്ലാമാണ് ബാറുകളിൽനിന്ന് കേട്ടിരുന്നത്. ഇപ്പോൾ മത്സരം കടുത്തു. കോട്ടയത്ത് ധാരാളം ബാറുകൾ മുന്തിയ സൗകര്യങ്ങളുമായി എത്തിക്കഴിഞ്ഞു.
സ്ത്രീകൾക്കു വരെ പുകവലിച്ചു തള്ളാൻ സൗകര്യം ഒരുക്കാനും ഡിജെ പാർട്ടി നടത്തി മദ്യം വിറ്റഴിക്കാനും ബാറുകൾ മത്സരിക്കുകയായിരുന്നു.
ഇതിനിടയിൽ, ബാറുകളിൽ യുവതികളെ മദ്യം വിളന്പാനും നിർത്തി കച്ചവടം പൊടിപ്പൊടിപ്പിക്കുന്നുമുണ്ട്. കോട്ടയത്തും പരിസര പ്രദേശങ്ങളിലും യുവതികൾ ബാറിൽ സേവനം തുടരുന്നു.
ഇതൊരു വിജയമായി കണ്ട് ഇതര സംസ്ഥാനങ്ങളിൽനിന്നു ധാരാളം യുവതികൾ എത്തുന്നുണ്ട്.ഇതിനിടയിൽ മദ്യപാനികളെ ആകർഷിക്കാൻ കാബറെ ഡാൻസുമായി കോട്ടയം നഗരത്തിലെ ഒരു ബാർ രംഗപ്രവേശം ചെയ്തിരിക്കുന്നു.
കാബറെ ഡാൻസിന് ഇതരസംസ്ഥാനത്തു നിന്നുമാണ് യുവതികളെ മുതലാളി എത്തിച്ചിരിക്കുന്നത്. ശനിയും ഞായറും എസി ഹാളിലാണ് കാബറെ ഒരുക്കിയിരിക്കുന്നത്.
വല്യ ലാഭമൊന്നുമില്ല എങ്കിലും കസ്റ്റമേഴ്സിന് ഒരു സുഖം, അതിലൂടെ മദ്യവില്പന ഇത്രയും മാത്രമേ മുതലാളി ഉദ്ദേശിക്കുന്നുള്ളൂ.
കോട്ടയത്ത് ആദ്യമായി ഇതര സംസ്ഥാനക്കാരായ വനിതകളെ സപ്ലെയറായി ഇറക്കിയും മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഉടമകൾ മാറി വരുന്പോഴാണ് ആകർഷകമായ പുതിയ പരിപാടികൾ ഒരുക്കുന്നത്.
പാർക്കിംഗ് അപര്യാപ്തതയാണ് ഈ ബാർ നേരിടുന്ന പ്രശ്നം. ഇതിനു പരിഹാരമായി കൂടുതൽ ആളുകളെ ബാറിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാബറെ ഒരുക്കിയിരിക്കുന്നത്.