തിരുവനന്തപുരം: സി.അച്യുതമേനോൻ നവകേരളശില്പിയാണെന്ന് ബിനോയ് വിശ്വം പറയുന്നതിനെ കോൺഗ്രസ് സ്വീകരിച്ചാലും സിപിഎം അംഗീകരിക്കില്ലെന്ന് കോൺഗ്രസ് മാധ്യമസമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്.
സിപിഎം പറമ്പിലെ കുടികിടപ്പുകാരായ സിപിഐ ക്കാർക്ക് പഴയ സുവർണകാലം അയവിറക്കാനേ കഴിയൂ. തമ്പ്രാനോട് വില പേശാൻ പഴയ കാര്യങ്ങൾ കാനത്തെ പോലെ ബിനോയിയും ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരിക്കണം. 1969-ൽ സി. അച്യുതമേനോനെ മുഖ്യമന്ത്രിയാക്കാൻ സാഹചര്യമൊരുക്കിയത് കോൺഗ്രസാണ്.
ഇഎംഎസ് സർക്കാർ തകർന്നപ്പോൾ അഴിമതി ആരോപണത്തിന്റെ പേരിൽ എം.എൻ.ഗോവിന്ദൻ നായർ, ടി.വി.തോമസ് എന്നിവർക്കെതിരെ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നതിനാൽ അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിക്കാൻ കഴിഞ്ഞില്ല.
രാജ്യസഭാംഗമായിരുന്ന അച്യുതമേനോന്റെ പേര് അന്നത്തെ സിപിഐ ജനറൽ സെക്രട്ടറി സി. രാജേശ്വര റാവുവിനോട് നിർദ്ദേശിച്ചത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ്- ചെറിയാൻ ഫിലിപ്പ് പറയുന്നു.
1978 ൽ എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ അദ്ദേഹത്തിന്റെ മാത്രം കരുണയിലാണ് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായത്. രണ്ടു സന്ദർഭത്തിലും ഭൂരിപക്ഷ കക്ഷിയായ കോൺഗ്രസ് ത്യജിച്ചതു കൊണ്ടാണ് അച്യുതമേനോനും പി.കെ.വിയും മുഖ്യമന്ത്രിയായത്.
ഇഎംഎസ് ആണോ പിണറായി വിജയനാണോ നവകേരള ശില്പി എന്ന കാര്യത്തിൽ സിപിഎമ്മിൽ ഇപ്പോൾ തർക്കം നിലനിലനിൽക്കുന്നു. ഇ.എം.എസ് ആണെന്ന് എം.എ.ബേബിയും തോമസ് ഐസക്കും പറയുമ്പോൾ പിണറായി വിജയനെ നവകേരള ശില്പിയായി എം.വി. ഗോവിന്ദനും എ.കെ. ബാലനും വാഴ്ത്തുന്നു.