ഉപഭോക്താക്കളോടു മാന്യമായി പെരുമാറിയില്ലെങ്കിൽ ഏതു കച്ചവടമാണെങ്കിലും അധികം താമസിയാതെ പൂട്ടേണ്ടി വരും. എന്നാൽ, ഇതിൽനിന്നു നേർവിപരീദമായ കാര്യങ്ങളാണു ജപ്പാനിലെ ഒരു കഫേയിൽ അരങ്ങേറിയത്. ഭക്ഷണം കഴിക്കാൻ വരുന്നവരെ ചീത്തവിളിക്കുകയും അപവാദം പറയുകയും ചെരിപ്പുകൊണ്ടു തല്ലുകയും മറ്റും ചെയ്യുന്നതാണ് ഇവിടുത്തെ രീതി.
ജാപ്പനീസ് നിർമാതാവും സോഷ്യൽ മീഡിയ താരവുമായി നോബുയുകി സകുമയുടെ, മോശം ഭാഷ പറയുന്ന ഓൺലൈൻ ഷോകളുടെ ആരാധകർക്കുള്ള പ്രത്യേക ട്രീറ്റായാണ് ടോക്കിയോയിൽ ഈ ഭക്ഷണശാല തുറന്നത്. എത്രമാത്രം പ്രകോപിപ്പിച്ചാലും ചിരിച്ചുകൊണ്ടു നേരിടുന്നവരെ വിജയികളായി പ്രഖ്യാപിക്കുന്ന തരത്തിൽ 10 ദിവസത്തേക്കായിരുന്നു ഈ കഫെയുടെ സജ്ജീകരണം.
ആദ്യ കാഴ്ചയിൽ ഒരു സാധാരണ ജാപ്പനീസ് റസ്റ്ററന്റാണെന്നേ തോന്നൂ. എന്നാൽ, ഇവിടെ കയറി അൽപം കഴിയുന്പോൾ കഫേ ജീവനക്കാർ ഉപഭോക്താക്കളെ ശകാരിക്കാൻ തുടങ്ങും. മോശമായ വാക്കുകൾ ഉപയോഗിച്ച് പരിഹസിക്കും. ഭക്ഷണം ഓർഡർ ചെയ്താലും പെട്ടെന്നൊന്നും കൊണ്ടുവന്നു തരില്ല. ഇനി ഭക്ഷണം കൊടുത്താലും അത് കഴിക്കാൻ അനുവദിക്കാതെ വെയിറ്റർമാർ പരിഹസിച്ചുകൊണ്ടേയിരിക്കും.
കഫേയിലുള്ള പത്തോളം പരിചാരകർ ഒറ്റയ്ക്കും കൂട്ടമായിട്ടുമായിരിക്കും അധിക്ഷേപം. വിഐപി സേവനമാണു വേണ്ടതെങ്കിൽ ചെരിപ്പുകൊണ്ടു തല്ലും കിട്ടും. ഒരാൾക്ക് ഒരു മണിക്കൂർ മാത്രമേ ഈ അധിക്ഷേപസേവനം ആസ്വദിക്കാൻ കഴിയൂ. മുൻകൂട്ടി ബുക്കിംഗ് നടത്തിയാണു പ്രവേശനം നിയന്ത്രിച്ചത്. എന്തായാലും ഈ കഫെ സോഷ്യൽ മീഡിയയിൽ വൻഹിറ്റായി.