തിരുവനന്തപുരം: സംസ്ഥാന പോലീസ് വകുപ്പിന് നേരെ വിരൽ ചൂണ്ടുന്ന സിഎജി റിപ്പോർട്ടിന്മേൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഗവർണർ ആരഫ് മുഹമ്മദ് ഖാന് വിശദീകരണം നൽകി. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്ക്ക് ഒപ്പമെത്തിയാണ് ഡിജിപി ഗവർണർക്ക് വിശദീകരണം നൽകിയത്.
പോലീസ് മേധാവി ഉൾപ്പടെയുള്ളവരെ പ്രതി സ്ഥാനത്തു നിർത്തിയ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ വിഷയത്തിൽ ഗവർണർ ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. ഡിജിപി ലോക്നാഥ് ബെഹ്റ ഗുരുതര സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു സിഎജിയുടെ (കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ) കണ്ടെത്തൽ.
വിവിധ ആവശ്യങ്ങൾക്കുള്ള തുക ഡിജിപി ഇടപെട്ട് വകമാറ്റി ചിലവഴിച്ചുവെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. നിയമസഭയുടെ മേശപ്പുറത്തുവച്ച റിപ്പോർട്ടിലായിരുന്നു ഡിജിപിക്കെതിരേയുള്ള ഗുരുതര കണ്ടെത്തലുകൾ.
പോലീസുകാർക്ക് ക്വാർട്ടേഴ്സ് നിർമിക്കാനുള്ള തുക വകമാറ്റി എസ്പിമാർക്കും എഡിജിപിമാർക്കും ആഡംബര ഫ്ലാറ്റുകൾ നിർമിക്കാൻ നൽകിയെന്ന ഗുരുതര കണ്ടെത്തലും സിഎജി റിപ്പോർട്ടിലുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് ആഡംബര ഫ്ലാറ്റുകൾ പണിയാൻ 2.81 കോടി രൂപയാണ് ഇത്തരത്തിൽ വകമാറ്റി ചില വഴിച്ചതായി കണ്ടെത്തിയത്.
ഇതിന് പുറമേ ആഭ്യന്തരവകുപ്പിൽ പുതിയ വാഹനങ്ങൾ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തിയിരുന്നു. സ്റ്റേഷനിൽ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിന് പകരം ടെൻഡറില്ലാതെ ആഡംബര വാഹനങ്ങൾ വാങ്ങിയെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.
ഇതോടൊപ്പമാണ് പോലീസിന്റെ കൈവശമുള്ള വെടികോപ്പുകളിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നുള്ള അതീവ ഗുരുതര കണ്ടെത്തലും രേഖപ്പെടുത്തിയിട്ടുള്ളത്.
തിരുവനന്തപുരം എസ്എപിയിൽ 12,061 വെടിയുണ്ടകളുടെ കുറവുണ്ടെന്നാണ് സിഎജി കണ്ടെത്തിയത്. തൃശൂർ പോലീസ് അക്കാഡമിയിൽ നിന്നും 200 വെടിയുണ്ടകൾ നഷ്ടമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.