നിയാസ് മുസ്തഫ
തുടർഭരണം കിട്ടിയാൽ പഞ്ചാബിലെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന സസ്പെൻസിന് ഉടൻ വിരാമമാവും.
രാഹുൽ ഗാന്ധി ഞായറാഴ്ച ലുധിയാനയിൽ എത്തുന്പോൾ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിലെ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, സംസ്ഥാന അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു എന്നിവരിൽ ഒരാളാവും മുഖ്യമന്ത്രി പദത്തിലേക്ക് എത്തുക.
കൂടുതൽ സാധ്യത കല്പിക്കപ്പെടുന്നത് ചരൺജിത് സിംഗ് ചന്നിക്കാണ്. എന്നാൽ അനന്തരവനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തോടെ ചന്നിയുടെ സാധ്യതക്ക് മങ്ങലേറ്റിട്ടുണ്ട്.
അനധികൃത മണൽ ഖനന കേസിലാണ് ചന്നിയുടെ അനന്തരവൻ ഭൂപേന്ദ്ര സിംഗ് ഹണിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തത്. ഹണിയെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഹണിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം ഹണിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ഇഡി നടത്തിയ റെയ്ഡിൽ എട്ട് കോടി രൂപ പിടിച്ചെടുത്തിരുന്നു. പഞ്ചാബിലെ അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്.
ഏറ്റെടുത്ത് പ്രതിപക്ഷം
അനന്തരവനെ അറസ്റ്റ് ചെയ്ത സംഭവം ഇതിനോടകം പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയിട്ടുണ്ട്.
ചന്നിക്ക് ഖനനമാഫിയയുമായി ബന്ധമുണ്ടെന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും ആരോപിച്ചിട്ടുണ്ട്.
ഫെബ്രുവരി 20നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ, അനന്തരവനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലാണെന്ന് ചന്നി പറയുന്പോഴും നവ്ജ്യോത് സിംഗ് സിദ്ദു പക്ഷം ഉള്ളുകൊണ്ട് സന്തോഷത്തിലാണ്.
സ്വപ്നം
അമരീന്ദർ സിംഗ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ തന്നെ മുഖ്യമന്ത്രി കസേര സ്വപ്നംകണ്ട് സിദ്ദു പല കരുനീക്കങ്ങളും നടത്തിയിരുന്നു. എന്നാൽ അത് ഫലം കണ്ടില്ല.
സിദ്ദുവുമായുള്ള കലഹത്തിന്റെ പേരിൽ അസ്വസ്ഥനായ അമരീന്ദർ കോൺഗ്രസ് വിട്ട് പുറത്തുപോയിട്ടും സിദ്ദുവിന് കസേര കിട്ടിയില്ല. പകരം ചന്നി ആ കസേരയിലെത്തി.
ചന്നി മുഖ്യമന്ത്രി ആയി ആറുമാസംപോലും ആകുന്നതിനു മുന്പേ നിയമസഭാ തെരഞ്ഞെടുപ്പ് വന്നു.
ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്ത ചന്നിയെ തന്നെ വീണ്ടും മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നു.
ഇതോടെ സിദ്ദു പക്ഷം സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പദം ഒരു തലവേദന ആയതോടെയാണ് ഹൈക്കമാൻഡ് വിഷയത്തിൽ ഇടപെട്ടത്.
കോൺഗ്രസ് ജനപ്രതിനിധികളുമായും പാർട്ടി ഘടകങ്ങളുമായും കൂടിയാലോചിച്ചശേഷം തെരഞ്ഞെടുപ്പിന് മുന്പ് തന്നെ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു.
ഈ സസ്പെൻസിനാണ് ഞായറാഴ്ച കർട്ടൻ വീഴുന്നത്.