വസ്തു വിറ്റ് പണം വീട്ടിൽ സൂക്ഷിച്ച പിതാവിന് കൗമാരക്കാരനായ മകന്റെ വക എട്ടിന്റെ പണി. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അറുപത് ലക്ഷം രൂപയിൽ നിന്നും നാൽപ്പത്തിയാറ് ലക്ഷം രൂപ കവർന്ന ബാലൻ ഈ പണം സൗഹൃദ ദിനത്തിൽ സുഹൃത്തുക്കൾക്കു വേണ്ടി ചിലവഴിക്കുകയായിരുന്നു.
മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. കെട്ടിടനിർമാതാവാണ് ഈ കുട്ടിയുടെ പിതാവ്. അദ്ദേഹം വീടിനുള്ളിലെ അലമാരയിൽ സൂക്ഷിച്ച പണം എടുത്ത കുട്ടി അതിൽ നിന്നും പതിനഞ്ച് ലക്ഷം രൂപ ദിവസവേതനക്കാരനായ പിതാവുള്ള ഒരു സഹപാഠിക്കും മൂന്നു ലക്ഷം രൂപ തനിക്ക് ഹോം വർക്ക് ചെയ്തു നൽകിയ മറ്റൊരു സഹപാഠിക്കും നൽകുകയായിരുന്നു.
പണം ലഭിച്ച കുട്ടികളിലൊരാൾ ഇതുപയോഗിച്ച് കാറ് വരെ വാങ്ങി. കൂടാതെ പത്താം ക്ലാസ് വിദ്യാർഥിയായ ഈ കുട്ടി സഹപാഠികളായ മുപ്പത്തിയഞ്ച് പേർക്കും കോച്ചിംഗ് സെന്ററിലെ മുഴുവൻ സുഹൃത്തുക്കൾക്കും സ്മാർട്ട് ഫോണ് വാങ്ങി നൽകി. കുറച്ചു പേർക്ക് വിലകൂടിയ വളയും വാങ്ങി നൽകി.
പണം നഷ്ടമായെന്നു മനസിലായ കുട്ടിയുടെ പിതാവ് ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. വീട്ടിൽ പരിശോധന നടത്തിയെങ്കിലും മോഷണം നടന്നതിന്റെ ഒരു സൂചനയും പോലീസിനു ലഭിച്ചില്ല. പിന്നീടാണ് അന്വേഷണം ഇദ്ദേഹത്തിന്റെ മകനിലേക്കു തിരിഞ്ഞത്. തുടർന്ന് പണം കൂട്ടുകാർക്ക് നൽകിയതായി ഈ കുട്ടി സമ്മതിച്ചു. പണം കുട്ടികളിൽ നിന്നും തിരികെ വാങ്ങുവാനുള്ള ശ്രമത്തിലാണ് പോലീസ്.