മുക്കം: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍. 2019 ല്‍ സംസ്ഥാനത്ത് 14,293 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. 2018 ല്‍ 13,736 ഉം 2017 ല്‍ 14,263 ഉം കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.
കഴിഞ്ഞവര്‍ഷം 2076 സ്ത്രീകളാണ് കേരളത്തില്‍ ബലാത്സംഗത്തിനിരയായത്. സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ആറു സ്ത്രീകള്‍ക്ക് ജീവന് നഷ്ടമായി. 4579 പീഡന കേസുകളും തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് 224 കേസുകളും ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് 431 കേസുകളും ഭര്‍ത്താവ്, മറ്റു അടുത്ത ബന്ധുക്കള്‍ എന്നിവരില്‍ നിന്നുള്ള ക്രൂരതകളുമായി ബന്ധപ്പെട്ട് 2991 കേസുകളും കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായ മറ്റു കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 3986 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടന്നത് മലപ്പുറം പൊലിസ് ജില്ലയിലാണ്.
കഴിഞ്ഞവര്‍ഷം 1457 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. 1058 കേസുകളുമായി തിരുവനന്തപുരം റൂറല്‍ പൊലിസ് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. വയനാട്ടിലാണ് ഏറ്റവും കുറവ്. 372 കേസുകള്‍ മാത്രമാണ് ജില്ലയില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യവുയി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ (202) റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം റൂറല്‍ പോലിസ് ജില്ലയിലാണ്.
സ്ത്രീകള്‍ക്കെതിരായി റെയില്‍വേയില്‍ 118 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്ണിടങ്ങള്‍ കേരളത്തില്‍ കൂടുതല്‍ അരക്ഷിതമാകുന്നതായാണ് സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കര്‍ശനമായി നിയമം നടപ്പിലാക്കുമ്പോഴും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നത് പോലിസിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട് .