കോട്ടയം: തട്ടിപ്പിന്റെ പുതിയമുഖം വീട്ടുമുറ്റത്തേക്ക്. വീടുകൾ കയറിയിറങ്ങുന്ന മെത്ത, ഫ്ളോർ മാറ്റുകൾ തുടങ്ങിയ വിൽപ്പനക്കാരാണു വിശ്വസ്തതയുടെ മുഖംമൂടിയിൽ തട്ടിപ്പുമായി വീടുകളിലെത്തുന്നത്.
അയർക്കുന്നം, പാന്പാടി, ളാക്കാട്ടൂർ, കൂരോപ്പട, പള്ളിക്കത്തോട് തുടങ്ങിയ വിവിധയിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിലായി നിരവധിപ്പേരാണു തട്ടിപ്പിനിരയായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പുസംഘം വിലസുന്നുണ്ട്.
വാഹനത്തിൽ മെത്ത, ഫ്ളോർമാറ്റുകളുമായി നാല്, അഞ്ച് പേർ ചേരുന്ന ചെറു സംഘങ്ങളായാണു വീടുകൾ കയറിയിറങ്ങുന്നത്.
വിപണിയിൽ ചെറിയ വിലയ്ക്ക് ലഭിക്കുന്ന സാധനങ്ങൾക്കു മൂന്നും നാലു ഇരട്ടി അധിക വിലയാണ് ഈ സംഘം ഈടാക്കുന്നത്.
മിക്കപ്പോഴും പുരുഷന്മാരില്ലാത്ത വീടുകളിലാണു കൂടുതലായി തട്ടിപ്പ് നടത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം തട്ടിപ്പ് സംഘം സജീവമാകുന്നുണ്ട്.
പാന്പാടി പ്രദേശത്ത് കഴിഞ്ഞദിവസം ഒരു വീട്ടിലെത്തിയസംഘം ഫ്ളോർ മാറ്റ് സ്ക്വയർ ഫീറ്റിന് 240 രൂപയാണ് ഈടാക്കിയത്.
വീട്ടിലെത്തിയ സംഘം ഫ്ളോർ മാറ്റിനെക്കുറിച്ചു വിശദീകരിച്ചു. വീട്ടുകാരുടെ ചെറിയ താത്പര്യം മനസിലാക്കിയ സംഘം അവർ ആവശ്യപ്പെടാതെ സാധനങ്ങൾ എത്തിച്ചു.
തുടർന്നു വീട്ടുകാരോട് എത്ര രൂപ ചെലവാകും എന്നും പറഞ്ഞിരുന്നില്ല. ഫ്ളോർ മാറ്റ് ഇറക്കിക്കഴിഞ്ഞപ്പോൾ 8,000 രൂപ കൊടുക്കണമെന്നായി.
വില സംബന്ധിച്ചു പരിചയക്കാരോട് വീട്ടുകാർ തിരക്കിയപ്പോഴാണു വിപണിയിൽ സ്ക്വയർ ഫീറ്റ് 75 മാത്രം ഈടാക്കുന്ന മാറ്റിനാണ് സംഘം 240 ഈടാക്കാൻ നോക്കിയതെന്നു തിരിച്ചറിയുന്നത്.
സത്യം വീട്ടുകാർ മനസിലാക്കിയെന്നു മനസിലാക്കിയ സംഘം 3,000 രൂപ വാങ്ങി മടങ്ങി. വിപണിയിൽ നിസാര വിലയ്ക്കു ലഭിക്കുന്ന വസ്തുക്കൾക്ക് അമിതവില ഈടാക്കിയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങൾ വീടുകളിലെത്തുന്നത്.
സാധാരണക്കാരനോട് വിപണിയിൽ വലിയ വിലയാണെന്നും ലാഭത്തിൽ ലഭിക്കുന്നതാണ് തങ്ങൾ കൊണ്ടുവരുന്നതെന്നും പറഞ്ഞ് കബളിപ്പിച്ചാണ് തട്ടിപ്പ്.
വീട്ടുകാരുടെ സമ്മതമില്ലാതെ തന്നെ വസ്തുക്കൾ ഇറക്കുന്നതോടെ അവസാനം വീട്ടുകാർ പണം കൊടുക്കേണ്ടതായി വരുന്നു. ഇത്തരം വസ്തുക്കൾക്ക് വിപണിയിലുള്ള വിലയെക്കുറിച്ചുള്ള അജ്ഞതയാണ് ഇവർ മുതലാക്കുന്നത്.
വീട്ടുകാർക്ക് കടയിൽ പോയി തിരക്കാനുള്ള അവസരം കൊടുക്കാതെ ഉടൻ തന്നെ കച്ചവടം ഉറപ്പിക്കുന്നതാണ് ഇവരുടെ രീതി.
എത്തിക്കുന്ന വസ്തുക്കൾക്ക് പിന്നീട് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാലും വീട്ടുകാർ തന്നെ നഷ്ടം സഹിക്കേണ്ടതായി വരുന്നു. വീടുകളിൽ കയറിയിറങ്ങിയുള്ള ഇത്തരം തട്ടിപ്പിൽ ജാഗ്രത പുലർത്തണമെന്നു അധികൃതർ പറയുന്നു.