വടക്കഞ്ചേരി: കേക്കിനോടു അമിത പ്രണയം കാണിക്കുന്നവർക്കു ജാഗ്രതാ മുന്നറിയിപ്പ്. ഒന്നോ രണ്ടോ ആഴ്ചകൊണ്ട് കേടുവരുന്ന പ്ലം കേക്ക് രണ്ടു വർഷത്തിലേറെയായിട്ടും യാതൊരു കുഴപ്പവുമില്ല..!
തനി ഫ്രഷ് ഐറ്റം പോലെ പാക്കറ്റിനുള്ളിരിക്കുന്നു. പുതിയതു പോലുള്ള മണവുമുണ്ട്. ബേക്കറികളിലും മറ്റു കടകളിലും പാക്ക് ചെയ്തു സൂക്ഷിക്കുന്ന കേക്കുകളിൽ ഒന്നാണ് ഇത്.
ഉണ്ടാക്കിയ തീയതിയും കാലാവധി കഴിയുന്ന തീയതിയും നോക്കാത്തവരാണെങ്കിൽ ഇതെല്ലാം വാങ്ങിക്കൊണ്ടു പോകും.
ഓവനിൽ നിന്നും ഇന്നലെ ഇറക്കിയതാണെന്ന് പറഞ്ഞ് കടക്കാർ ഉപഭോക്താക്കളെ വഞ്ചിക്കും. എല്ലാം കൃത്യമായി നോക്കി വാങ്ങുന്നവരെ കബളിപ്പിക്കാനും വഴികളുണ്ട്.
ചെലവാകാതെ കടകളിൽ വർഷങ്ങളോളം ഇരിക്കുന്ന കേക്ക് പാക്കറ്റുകൾ നിർമാണ കന്പനികൾ തന്നെ തിരിച്ചു കൊണ്ടുപോകും.
പാക്കിംഗ് കവർ മാത്രം മാറ്റി ഉണ്ടാക്കിയ വർഷവും കാലാവധി തീരുന്ന തീയതിയും മാറ്റിയെഴുതി വീണ്ടും വർഷങ്ങൾ പഴക്കമുള്ള കേക്കുകൾ തന്നെ തിരിച്ചു കൊണ്ടുവരും.
വർഷങ്ങൾ പലതു പിന്നിട്ടിട്ടും കേക്ക് കേടുവരാതെ പുത്തനായി കാണണമെങ്കിൽ ഉണ്ടാക്കുന്പോൾ ചേർക്കുന്ന പ്രിസർവേറ്റീവ് കൂട്ടുകൾ എത്ര മാരകമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്.
നാട്ടിൽ എവിടേയും വൃക്ക രോഗികളും കാൻസർ രോഗികളും നിറയുന്പോഴും ഭകഷ്യ സുരക്ഷയുടെ കാര്യത്തിൽ യാതൊരു പരിശോധനകളുമില്ല. ആർക്കും എന്തും എവിടേയും വിൽപന നടത്താം എന്ന സ്ഥിതിയാണ്.