ക്രിസ്മസും പുതുവത്സരവും കേക്ക് മുറിച്ച് ആഘോഷിക്കുന്ന തിരക്കിലാണ് ആളുകള്‍. എന്നാല്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ സര്‍ക്കാര്‍ ഓഫീസില്‍ അജ്ഞാത കേക്കുകള്‍ കൂട്ടത്തോടെ എത്തിയാല്‍ ആരാണ് സംശയിക്കാതിരിക്കുക. കോഴിക്കോട് കലക്ട്രേറ്റില്‍ അജ്ഞാത കേക്ക് ഒപ്പിച്ചത് വലിയ ഗുലുമാല് തന്നെയാണ്. ബോംബാണോ കേക്കാണോ അതോ സയനൈഡ് ചേര്‍ത്തതാണോ എന്ന വിധത്തില്‍ ചിന്തകള്‍ പലവഴിയ്ക്കു പാഞ്ഞു.
ഇക്കളഴിഞ്ഞ വെള്ളായാഴ്ച്ചയാണ് പ്രശ്നങ്ങള്‍ക്ക് മുഴുവന്‍ ഇടയാക്കി കേക്ക് പ്രശ്നം ഉണ്ടായത്. ആഴ്ചയിലെ അവസാന ദിവസത്തെ ജോലിയും കഴിഞ്ഞു ജീവനക്കാര്‍ സ്ഥലം വിടാനൊരുങ്ങവേയാണു താഴെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളിനു സമീപത്തായി മേശപ്പുറത്തു എട്ടു കവറുകളില്‍ കേക്ക് കണ്ടത്. പൂവാട്ടുപറമ്പിലെ ഒരു ബേക്കറിയില്‍ നിന്നുള്ള കേക്കായിരുന്നുത്. എട്ടു കേക്കുകള്‍ ഒരുമിച്ചു കണ്ടതോടെ സംശയമായി.. ആരുടേതാണ് കേക്കെന്നോ എന്തിനു വെച്ചുവെന്നോ ആര്‍ക്കും അറിവുണ്ടായില്ല.
വൈകിട്ട് മൂന്നരയോടെ പര്‍ദ ധരിച്ച ഒരു സ്ത്രീ കേക്ക് കവറുകള്‍ മേശപ്പുറത്തു നിരത്തുന്നതു കണ്ടുവെന്നു ചില ജീവനക്കാര്‍ പറഞ്ഞു. അവര്‍ എന്തോ ആവശ്യത്തിനു വന്നപ്പോള്‍ തല്‍ക്കാലത്തേക്കു കവര്‍ മേശപ്പുറത്തു വച്ചതാണെന്നാണു കണ്ടവര്‍ വിചാരിച്ചത്. സ്ത്രീ ഓട്ടോറിക്ഷയിലാണു വന്നതെന്നും അവര്‍ അതില്‍ തന്നെ തിരിച്ചു പോയി എന്നും ചിലര്‍ പറഞ്ഞു. അതോടെ കേക്കിന്റെ കാര്യത്തില്‍ ദുരൂഹതയായി. ഇതോടെ എല്ലാവര്ക്കും സംശയമായി. കൊല്ലം കലക്ട്രേറ്റിലെ സ്ഫോടനം പോലും ചിലര്‍ ഓര്‍ത്തെടുത്തു.
കളക്ടര്‍ സ്ഥലത്തില്ലാത്തതിനാല്‍ എഡിഎം റോഷ്ണി നാരായണനെ ജീവനക്കാര്‍ കാര്യം അറിയിച്ചു. അവര്‍ പൊലീസിനു വിവരം നല്കി. ഇതോടെ പൊലീസ് കുതിച്ചെത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും തുടങ്ങിയ സന്നാഹങ്ങളുമായാമ് പൊലീസ് സ്ഥലത്തെത്തിയത്. നിരീക്ഷണ കാമറയില്‍ നോക്കി ആളെ കണ്ടെത്താന്‍ നോക്കിയപ്പോഴാണ് ആ ഭാഗത്തൊന്നും കാമറ ഇല്ലായിരുന്നുവെന്ന യാഥാര്‍ഥ്യം പോലീസിന് മനസ്സിലായത്.
അവസാനം സാംപിള്‍ എടുത്ത ശേഷം കേക്ക് പൊലീസ് നശിപ്പിച്ചു. ഉച്ചയോടെ മെഡിക്കല്‍ പൊലീസ് സ്റ്റേഷനിലും സ്ത്രീ കേക്കുമായി എത്തിയിരുന്നതായി അറിഞ്ഞു. അവിടെ കേക്ക് സ്വീകരിക്കാന്‍ തയാറാകാഞ്ഞപ്പോള്‍ കലക്ടറേറ്റില്‍ കൊടുക്കാമെന്നും പറഞ്ഞ് മടങ്ങി. പൂവാട്ടുപറമ്പിലെ ബേക്കറിയില്‍ പോയി നിരീക്ഷണ കാമറ പരിശോധിച്ചപ്പോള്‍ അതില്‍ ഒരു സ്ത്രീ 15 കേക്കും കുറച്ചു ലഡുവും വാങ്ങിയതായി കണ്ടെത്തി. സ്ത്രീ പെരുവയല്‍ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. അടുത്തിടെ വിദേശത്തുനിന്ന് എത്തിയ സ്ത്രീ സന്തോഷസൂചകമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മധുരം നല്കാന് തീരുമാനിച്ചതാണെന്നാണ് സൂചന. എന്തായാലും വിശദമായ അന്വേഷണത്തിനുള്ള പുറപ്പാടിലാണ് പോലീസ്.