കോഴിക്കോട്: വീടുകള്‍ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും നിര്‍മിച്ച് വില്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം രജിസ്ട്രേഷന് നിര്‍ബന്ധമാണെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ എ. സക്കീര്‍ ഹുസൈന് അറിയിച്ചു.
രജിസ്ട്രേഷന് ഇല്ലാതെ ഭക്ഷ്യ വസ്തുക്കള്‍ നിര്‍മിച്ച് വില്പന നടത്തുന്ന വര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്.നിയമവിരുദ്ധമായി ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കി വില്പന നടത്തുന്നത് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം സെക്ഷന്‍ 63 പ്രകാരം 10 ലക്ഷം രൂപ വരെ പിഴ ചുമത്തി ചുമത്താവുന്ന കുറ്റമാണ്. ചെറുകിട ഉല്പാദകര് സ്വമേധയാ രജിസ്ട്രേഷന് എടുത്ത് നിയമ നടപടിയില്‍ നിന്നും ഒഴിവാകാവുന്നതാണ്.
100 രൂപ മാത്രമാണ് ഒരു വര്‍ഷത്തെ രജിസ്ട്രേഷന് ഫീസ്. 500 രൂപ ഒരുമിച്ച് അടച്ച് 5 വര്‍ഷം കാലാവധി ഉളള രജിസ്ട്രേഷന് എടുക്കാവുന്നതാണ്. ആധാറും ഫോട്ടോയും മാത്രമാണ് രേഖയായി സമര്‍പ്പിക്കേണ്ടത്. പോര്‍ട്ടല്‍ വഴിയോ അക്ഷയ സെന്ററുകള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷ സമര്‍പ്പിച്ചാല്‍ 7 ദിവസത്തിനുളളില്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് അപേക്ഷയില്‍ നല്കുന്ന മെയില്‍ അഡ്രസില്‍ ഓണ്‍ ലൈനായി ലഭിക്കുന്നതാണ്.
കേക്ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഫുഡ് അഡിറ്റീവുകള്‍ നിയമപരമാണെന്ന് ഉല്പാദകര് ഉറപ്പ് വരുത്തേണ്ടതാണ്. കേക്കില്‍ ബെന്‍സോയിക് ആസിഡ്, സോര്‍ബിക് ആസിഡ് മുതലായ പ്രിസര്‍വേറ്റീവ്സ് ഒരു കിലോ കേക്കില്‍ ഒരുഗ്രാമില്‍ കൂടുതല്‍ ചേര്‍ക്കുന്നത് നിയമ വിരുദ്ധമാണ്.
ഉപഭോക്താക്കള്‍ പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലേബല്‍ വിവരങ്ങള്‍ ഉളളതും കാലാവധി രേഖപ്പെടുത്തിയിട്ടുളളതുമായ ഭക്ഷണ സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണെന്ന് അറിയിപ്പില്‍ പറഞ്ഞു.
വഴിയോരക്കടകള്‍, ഉന്ത് വണ്ടിയില്‍ കൊണ്ട് നടന്നുളള വില്പനക്കാര്, തെരുവ് കച്ചവടക്കാര്‍ , പിക്കപ്പ് ആട്ടോയിലും മറ്റും ഉളള മത്സൃ കച്ചവടം എന്നിവ എല്ലാം ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരം രജിസ്ട്രേഷന്/ലൈസന്‍സ് എടുക്കേണ്ടതാണ്.